ഇന്ത്യൻ ശിക്ഷാനിയമം മൊത്തത്തിൽ പൊളിച്ചെഴുതാൻ ഒരുങ്ങി അമിത് ഷാ; കുറ്റകൃത്യങ്ങൾക്ക് നിലവിലുള്ളതിനേക്കാൾ കഠിനമായ ശിക്ഷ ഏർപ്പെടുത്തും

ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) പൊളിച്ചെഴുതാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ ഇതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനാണ് ഐപിസി കൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഐപിസി, ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർ‌പി‌സി) പുതുക്കുന്നതിന് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (ബിപിആർ & ഡി) രാജ്യവ്യാപകമായി കൂടിയാലോചന ആരംഭിക്കണമെന്ന് ഓഗസ്റ്റ് 28- ന് അദ്ദേഹം പറഞ്ഞു.

ഈ നിർദ്ദേശവുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി നിയമപ്രകാരമുള്ള രണ്ട് കമ്മിറ്റികൾ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചു.

ഐ‌പി‌സിയിൽ വിഭാവനം ചെയ്തിട്ടുള്ള “യജമാനൻ-സേവകൻ ആശയം” മാറ്റുക എന്നതാണ് അഴിച്ചുപണിക്ക് പിന്നിലെ ഉദ്ദേശം എന്ന് ഒരു ഉദ്യോഗസ്ഥൻ പത്രത്തോട് പറഞ്ഞു. “ഇത് രൂപപ്പെടുത്തിയ ശേഷം ഐ‌പി‌സി ഒരിക്കലും മൊത്തത്തിൽ ഭേദഗതി വരുത്തിയിട്ടില്ല. ചില കൂട്ടിച്ചേർക്കലുകളും ഇല്ലാതാക്കലുകളും നടത്തിയിട്ടുണ്ട്, ”ഉദ്യോഗസ്ഥർ പറഞ്ഞു.

കഠിനമായ കുറ്റകൃത്യങ്ങൾക്ക് ഐപിസി അസമമായ ശിക്ഷയാണ് നൽകുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മാലയോ ബാഗുകളോ തട്ടിയെടുക്കൽ പോലുള്ള കുറ്റകൃത്യങ്ങൾ ചില കേസുകളിൽ ജീവൻ അപകടത്തിലാക്കാം, പക്ഷേ കുറ്റകൃത്യത്തിന് അനുസൃതമായ ശിക്ഷ ഐപിസി നൽകുന്നില്ലെന്നും പൊലീസിന്റെ താത്പര്യത്തെ ആശ്രയിച്ച് കവർച്ചയ്‌ക്കോ മോഷണത്തിനോ മാത്രം കേസെടുക്കുന്നു. ശിക്ഷകൾ ക്രമപ്പെടുത്തി തോത് വർദ്ധിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഐപിസിയിൽ വംശീയ വിവേചനത്തിന് എതിരായ കർശനമായ രണ്ട് വ്യവസ്ഥകൾ ഉൾപ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ 2016- ലെ ശ്രമത്തിന് സംസ്ഥാന സർക്കാരുകളിൽ നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചതെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

ബിപിആർ ആന്റ് ഡി യുടെ 49-ാം സ്ഥാപക ദിനത്തിൽ സംസാരിച്ച ഷാ, ബ്രിട്ടീഷ് കാലഘട്ടത്തിൽ നിന്ന് പൊലീസിന്റെ പങ്ക് മാറിയിട്ടുണ്ടെന്ന് പറഞ്ഞു. കൊളോണിയൽ കാലഘട്ടത്തിൽ പൊലീസിന്റെ പ്രാഥമിക പ്രവർത്തനം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുക എന്നതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. “സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പൊലീസ് സംവിധാനത്തിന് ജനങ്ങളെ സേവിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സർദാർ പട്ടേൽ ഒരു പുതിയ മാതൃക അവതരിപ്പിച്ചു, ”അദ്ദേഹം പറഞ്ഞു.

പൊലീസ് സംവിധാനം നവീകരിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ ബിപിആർ ആൻഡ് ഡി മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

“വേഗത്തിലുള്ള നീതി ഉറപ്പു വരുത്തുന്നതിനും നിയമ പ്രക്രിയകൾ ലഘൂകരിക്കുന്നതിനും” ഐ‌പി‌സി, സി‌ആർ‌പി‌സി, ആയുധ നിയമം, മയക്കുമരുന്ന് , സൈക്കോട്രോപിക് ലഹരിവസ്തു നിയമം (എൻ‌ഡി‌പി‌എസ്) എന്നിവയിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് സെപ്റ്റംബർ പകുതിയോടെ ഷാ രാജസ്ഥാനും മറ്റ് സംസ്ഥാന സർക്കാരുകൾക്കും കത്തെഴുതി.

ഏതെങ്കിലും പ്രത്യേക മാറ്റങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ലെങ്കിലും, വർഷങ്ങളായി പ്രാബല്യത്തിൽ ഉള്ള നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആഭ്യന്തരമന്ത്രി ഊന്നിപ്പറഞ്ഞു.