ആദായനികുതി നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആദായനികുതി നിയമം പരിഷ്ക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.ഇതിനായി കരട് നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ആറംഗസമിതിയെ നിയോഗിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗം അര്‍ബിന്ദ് മോഡിയാണ് സമിതിയുടെ അധ്യക്ഷ സ്ഥാനത്ത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ പുതിയ സമിതിയുടെ സ്ഥിരം ക്ഷണിതാവായി ഉണ്ടാകും. ഗിരീഷ് അഹൂജ, രാജീവ് മേമാനി, മാന്‍സി കെഡിയ എന്നിവരും സമിതിയില്‍ അംഗങ്ങളാകും.

അൻപത് വർഷത്തെ പഴക്കമുള്ള രാജ്യത്തെ നിലവിലെ ആദായ നികുതി നിയമം മൊത്തത്തിൽ പൊളിച്ചെഴുതി പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ അനുയോജ്യമാകും വിധം ചേർക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം നികുതി വെട്ടിക്കുന്നത് തടയുന്നതിനായി ജനറല്‍ ആന്റി-അവോയിഡന്‍സ് റൂള്‍സ് (ഗാര്‍) പാസാക്കിയിരുന്നു. പരിഷ്കാരത്തിന്റെ ഭാഗമായി കരട് നിർദേശങ്ങൾ ആറു മാസത്തിനകം നൽകണമെന്നാണ് നിർദേശം.