കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാൻ തയ്യാറെന്ന് കേന്ദ്രം; നിർദ്ദേശം പരിഗണിക്കാമെന്ന് കർഷകർ

കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാൻ തയ്യാറാണെന്നും ഇത് സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയെ അറിയിക്കുമെന്നുമുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു. കർഷക യൂണിയനുകൾ നിർദ്ദേശം പരിഗണിക്കുമെന്നാണ് സൂചന.

കാർഷിക നിയമങ്ങൾ താത്കാലികമായി സ്റ്റേ ചെയ്തു കൊണ്ട് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിഷയത്തിൽ ഇരുഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെയും സുപ്രീംകോടതി നിയോഗിച്ചിരുന്നു.

കേന്ദ്രവും കർഷക പ്രതിനിധികളും നടത്തിയ നിരവധി ചർച്ചകൾ അനിശ്ചിതത്വത്തിലായ ശേഷമാണ് തീരുമാനം. കാർഷിക നിയമങ്ങൾക്കെതിരെ രണ്ട് മാസത്തോളം പ്രതിഷേധിച്ച കർഷകരും സർക്കാരും തമ്മിലുള്ള അടുത്ത യോഗം ജനുവരി 22ന് നടക്കും.