റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന് ഗാന്ധിക്ക് പ്രിയപ്പെട്ട ഈണം കേന്ദ്ര സർക്കാർ ഒഴിവാക്കി

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ ‘ബീറ്റിങ് റിട്രീറ്റി’ല്‍ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ബീറ്റിങ് റിട്രീറ്റ് ചടങ്ങ് അവസാനിക്കുന്നുവെന്ന് സൂചന നല്‍കുന്ന ‘abide with me’ എന്നു തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കുക.

യുദ്ധത്തിന് അന്ത്യം കുറിച്ച് സൈനികര്‍ ആയുധങ്ങളുമേന്തി യുദ്ധക്കളത്തില്‍ നിന്ന് പിന്‍വാങ്ങി പോരാട്ടത്തിന് വിരാമമിടുന്ന ഗാനമാണ് ഒഴിവാക്കുക. ഇതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൈനിക പാരമ്പര്യവും ഇല്ലാതാകും. ട്യൂണുകള്‍ ഇല്ലാതെ ചടങ്ങില്‍ ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും ഇതായിരുന്നു.

ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ ജനുവരി 29-നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. പകരം ഇത്തവണ ‘ഏ മേരേ വതൻ കെ ലോഗോം’ എന്ന ഹിന്ദി ദേശഭക്തി ഗാനമാകും സൈനിക ബാൻഡുകൾ അവതരിപ്പിക്കുക. ഇന്ത്യ– ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ സ്മരണയ്ക്കായി കവി പ്രദീപ് രചിച്ച ഗാനമാണിത്.

ഈ വര്‍ഷം ആറു ബാന്റുകളില്‍ നിന്നായി 44 ബ്യൂഗിളുകള്‍, 75 ഡ്രമ്മുകള്‍, 16 ട്രെംപറ്റുകള്‍ എന്നിവയുടെ സഹായത്തോടെ 25 ട്യൂണുകള്‍ ചടങ്ങില്‍ വായിക്കും.