അക്കൗണ്ട് നിലനിര്‍ത്താന്‍ എന്‍.പി.ആര്‍ വിവരം വേണമെന്ന് സെന്‍ട്രന്‍ ബാങ്ക് ഓഫ് ഇന്ത്യ

പൊതുമേഖലാ ബാങ്കായ സെന്‍ട്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) ഫോറത്തില്‍ എന്‍.പി.ആര്‍ രേഖകള്‍ വേണമെന്ന് ആവശ്യം. കെ.വൈ.സി ഫോറത്തില്‍ എന്‍.പി.ആര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നുമാണ് ബാങ്ക് പരസ്യം നല്‍കിയത്.


ബാങ്കിന്റെ നോട്ടീസ് തെലുങ്കു ദിനപത്രമായ ഈനാട് ആണ് പ്രസിദ്ധീകരിച്ചത്. പത്രത്തിന്റെ കൃഷ്ണ ജില്ലാ എഡിഷനില്‍ ജനുവരി 20-നാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

“എന്‍.പി.ആര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും 2020 ജനുവരി 31-ന് മുമ്പ് ഉപഭോക്താക്കള്‍ സമര്‍പ്പിക്കണം. അല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും. അവര്‍ക്ക് ബാങ്കുകളില്‍ ഇടപാട് നടത്താനാകില്ല”- എന്നാണ് പരസ്യം നല്‍കിയത്.

പരസ്യത്തിനെതിരെ പ്രതിഷേധം കനത്തപ്പോള്‍ എന്‍.പി.ആര്‍ രേഖ നിര്‍ബന്ധമല്ലെന്ന് കാട്ടി ബാങ്ക് ബ്രാഞ്ചുകളില്‍ നോട്ടീസ് പതിച്ചു.