കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി : ഡൽഹിയിൽ പ്രതിഷേധ പ്രകടനത്തിന് ഒരുങ്ങി ഡി.എം.കെ

ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ഓഗസ്റ്റ് 22-ന് ഡൽഹിയിൽ പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചു. രാവിലെ 11-ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടക്കും. പ്രതിഷേധത്തിൽ ഡി.എം.കെ എം.പിമാരും മറ്റ് രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള എം.പിമാരും പങ്കെടുക്കും. നേരത്തെ ഡി.എം.കെ, പാർട്ടി യോഗം ചേർന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും പ്രതിഷേധം നടക്കുക.

ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള നീക്കത്തെ തങ്ങളുടെ പാർട്ടി നിരന്തരം എതിർക്കുന്നുണ്ടെന്നും തിടുക്കത്തിൽ നടപടിയെടുക്കാനുള്ള സർക്കാർ നിലപാട് മാറ്റണമെന്നും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമ്മതം ലഭിക്കാതെയുള്ള കേന്ദ്ര നടപടി ജനാധിപത്യത്തിന്റെ കൊലപാതകം ആണെന്നായിരുന്നു സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞത്.