ജാർഖണ്ഡ് ജഡ്ജിയുടെ കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

 

ജാർഖണ്ഡ് ജഡ്ജി ഉത്തം ആനന്ദിന്റെ മരണത്തിൽ വഴിത്തിരിവ്. ബുധനാഴ്ച സംഭവിച്ചത് വാഹനാപകടത്തെ തുടർന്ന് ഉണ്ടായ മരണമായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ജഡ്ജിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിലേക്ക് നയിച്ചിരിക്കുകയാണ്.

അതിനിടെ ജഡ്ജിയുടെ കൊലപാതകം സുപ്രീം കോടതിയിൽ പ്രതിഷേധത്തിനിടയാക്കി. സുപ്രീം കോടതി ബാർ അസോസിയേഷൻ വിഷയം ചീഫ് ജസ്റ്റിസ് എൻവി രമണയുടെ മുമ്പാകെ ഉന്നയിച്ചു. “ഞാൻ ജാർഖണ്ഡ് ചീഫ് ജസ്റ്റിസുമായി സംസാരിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ വിഷയം ഏറ്റെടുത്തു. കേസ് ഇപ്പോൾ ഹൈക്കോടതിയിലാണ്. കേസിനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം, ഞങ്ങൾ ശ്രദ്ധിക്കും,” ജസ്റ്റിസ് രമണ പറഞ്ഞു.

അതേസമയം, ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദിനെ ഇടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെയും ഒരു സഹായിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് നടപടി വൈകിയെന്നാരോപിച്ച് ജാർഖണ്ഡ് ഹൈക്കോടതി വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു.

ഇന്നലെ രാവിലെ പ്രഭാത ഓട്ടത്തിനിടെ ജഡ്ജി ഉത്തം ആനന്ദിനെ അജ്ഞാത വാഹനം വന്ന് ഇടിക്കുകയായിരുന്നു. ജഡ്ജിയുടെ ധൻബാദിലെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് ഇത് നടന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു, ജഡ്ജി പുലർച്ചെ 5 മണിയോടെ വിജനമായ റോഡിൽ ജോഗിംഗ് ചെയ്യുന്നതായും ഒരു ഓട്ടോ അദ്ദേഹത്തിന് നേരെ പാഞ്ഞു വന്ന് ഇടിച്ചിട്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

റോഡിൽ രക്തം വാർന്ന് കിടന്ന ജഡ്ജിയെ ഒരു വഴിപോക്കൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ മണിക്കൂറുകളോളം ജഡ്ജിയെ തിരിച്ചറിഞ്ഞിരുന്നില്ല. രാവിലെ 7 മണിക്ക് തിരിച്ചെത്താതായപ്പോൾ അദ്ദേഹത്തെ കാണാതായതായി വീട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് പൊലീസിന്റെ അന്വേഷണത്തിൽ ആണ് ആശുപത്രിയിൽ വച്ച് മരിച്ചത് ജഡ്ജി ഉത്തം ആനന്ദ് ആണെന്ന് കണ്ടെത്തുന്നത്.

ഓട്ടോ മനഃപൂർവ്വം വന്ന് ഇടിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ജഡ്ജിയെ തട്ടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് വാഹനം മോഷ്ടിക്കപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ലഖൻ കുമാർ വർമ്മ, രാഹുൽ വർമ്മ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ഓട്ടോ പിടിച്ചെടുക്കുകയും ചെയ്തു. ഇവർ കുറ്റസമ്മതം നടത്തിയതായി ഇൻസ്പെക്ടർ ജനറൽ അമോൽ വിനുകാന്ത് ഹോംകർ പറഞ്ഞു.

ജഡ്ജി ആനന്ദ് ധൻബാദ് നഗരത്തിലെ നിരവധി മാഫിയ കൊലപാതക കേസുകൾ കൈകാര്യം ചെയ്തിരുന്നു. രണ്ട് കുറ്റവാളികളുടെ ജാമ്യാപേക്ഷ അടുത്തിടെ നിരസിച്ചിരുന്നു.

കേസ് “അപകടത്തിൽ” നിന്ന് കൊലപാതകത്തിലേക്ക് മാറ്റാൻ പോലീസ് വൈകിയെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. എഫ്‌ഐ‌ആർ ഫയൽ ചെയ്യാൻ വൈകിയെന്നാരോപിച്ച് ജാർഖണ്ഡ് ചീഫ് ജസ്റ്റിസ് രവി രഞ്ജൻ അതൃപ്തി രേഖപ്പെടുത്തി. പൊലീസിന് കഴിയില്ലെങ്കിൽ സിബിഐ അന്വേഷണം നടത്തുമെന്ന് മുന്നറിയിപ്പും നൽകി.