മൂന്ന് തൃണമൂൽ കോൺഗ്രസ് എം.പിമാരെ വിചാരണ ചെയ്യാൻ സ്പീക്കറുടെ അനുമതി തേടി സി.ബി.ഐ

2016- ലെ നാരദ സ്റ്റിംഗ് ഓപ്പറേഷനുമായി (ഒളിക്യാമറ ഓപ്പറേഷൻ) ബന്ധപ്പെട്ട് മൂന്ന് തൃണമൂൽ കോൺഗ്രസ് എം.പിമാരെ വിചാരണ ചെയ്യാൻ സി.ബി.ഐ ലോക്‌സഭാ സ്പീക്കറുടെ അനുമതി തേടിയതായി എൻ.ഡി.ടി.വി റിപ്പോർട്ട്.

സൗഗാത റോയ്, കകോലി ഘോഷ് ദസ്തിദാർ ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് എം.പിമാരെയാണ് വിചാരണ ചെയ്യാൻ സി.ബി.ഐ അനുമതി തേടിയത്. 2016- ലെ നാരദ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് നിരവധി നേതാക്കൾ കൈക്കൂലി വാങ്ങുന്നതായുള്ള ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.

റോയ്, ദസ്തിദാർ, പ്രസുൻ ബാനർജി എന്നിവർക്കെതിരെ നടപടിയെടുക്കാൻ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയതായി സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. ബംഗാൾ മന്ത്രിയും മുൻ എംപിയുമായ സുഭേന്ദു അധികാരിയും കേസിൽ അന്വേഷണ വിധേയനാണ്.

“ഞങ്ങൾക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. ലഭിച്ചുകഴിഞ്ഞാൽ, മേൽപ്പറഞ്ഞ നാലുപേരെ പ്രതിയാക്കി, നാരദ കേസിൽ ആദ്യത്തെ കുറ്റപത്രം സമർപ്പിക്കും ,” സിബിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

2017- ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയിയെ കുറ്റപത്രത്തിൽ പ്രതിയാക്കില്ലെന്നും എന്നാൽ അദ്ദേഹത്തിനെതിരെ ഉള്ള അന്വേഷണം സിബിഐ തുടരുമെന്നും വൃത്തങ്ങൾ അറിയിച്ചു.

2014- ൽ, നാരദ ന്യൂസിന്റെ സി.ഇ.ഒ ആയിരുന്ന മാത്യു സാമുവൽ ഒരു ബിസിനസുകാരന്റെ വേഷത്തിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തുകയായിരുന്നു, നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് പണം വാഗ്ദാനം ചെയ്യുന്നതും അവർ സ്വീകരിക്കുന്നതുമായ വീഡിയോ പിന്നീട് പുറത്തു വിടുകയായിരുന്നു. ഇത് പിന്നീട് “നാരദ” അഴിമതി എന്നറിയപ്പെട്ടു.

തൃണമൂൽ നേതാക്കൾ കൈക്കൂലി വാങ്ങുന്ന വീഡിയോ ക്ലിപ്പുകൾ 2016- ലെ ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പ് നാരദ ന്യൂസ് പുറത്തു വിടുകയായിരുന്നു.

“നാരദയും ശാരദയും (ചിറ്റ് ഫണ്ട് കുംഭകോണം)” രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചാണ് ഈ വർഷം ആദ്യം നടന്ന പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണകക്ഷിയായ ബിജെപി ബംഗാളിലെ ഭരണകക്ഷി തൃണമൂലിനെ ആക്രമിച്ചിരുന്നത്.