"ഡി. കെ ശിവകുമാറിന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണം": കസ്റ്റഡി സെപ്റ്റംബർ 17 വരെ നീട്ടി കോടതി

കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി ചൊവ്വാഴ്ച വരെ ഡൽഹി കോടതി നീട്ടി. മുൻ കർണാടക മന്ത്രിയുടെ ആരോഗ്യത്തിന് അന്വേഷണ ഏജൻസി പ്രഥമ പരിഗണന നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ചോദ്യം ചെയ്യുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കണമെന്ന് ജഡ്ജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ജോയിന്റ് ഡയറക്ടറോട് പറഞ്ഞു.

ഒൻപത് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി ഇന്ന് അവസാനിച്ചതിനെ തുടർന്ന് ജാമ്യം തേടി ശിവകുമാറിന്റെ അഭിഭാഷകൻ, മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി, കോടതിയിൽ ശിവകുമാറിന്റെ ഉയർന്ന രക്തസമ്മർദ്ദം ചൂണ്ടിക്കാട്ടിയിരുന്നു.

അവ്യക്തമായ മറുപടികളാണ് ചോദ്യം ചെയ്യലിനിടെ ശിവകുമാറിന്റെ ഭാഗത്തു നിന്നും ഉള്ളതെന്നും കസ്റ്റഡി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്നും അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഡി കെ ശിവകുമാറിനെതിരായ അന്വേഷണത്തിൽ നിയമവിരുദ്ധമായ പണം 200 കോടിയിലധികം ആണെന്നും 800 കോടി രൂപ ബീനാമി സ്വത്താണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് പറഞ്ഞു.

എട്ട് പേരുടെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് 57- കാരനായ കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ അദ്ദേഹത്തെ വിടണമെന്നും അന്വേഷണ ഏജൻസി അറിയിച്ചു.

താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും തന്റെ എല്ലാ രേഖകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകാൻ തയ്യാറാണെന്നും കോടതിയിൽ ശിവകുമാർ പറഞ്ഞു.

മുൻ കർണാടക മന്ത്രിയെ ഒരു ദിവസം 10 മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇതുവരെ 100 മണിക്കൂർ ചോദ്യം ചെയ്‌തെന്നും അതുകൊണ്ടു തന്നെ ജാമ്യം നൽകണമെന്നും സിംഗ്വി വാദിച്ചു.

ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാൻ ജഡ്ജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു.

നികുതി വെട്ടിപ്പ്, കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ എന്നീ കുറ്റങ്ങൾ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനും മറ്റ് ചിലർക്കുമെതിരെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.