ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്ത വനിതാ മാധ്യ‌മ പ്രവർത്തകർക്കെതിരെ കേസ്

ത്രിപുരയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എച്ച്ഡബ്ല്യു ന്യൂസ് നെറ്റ് വർക്കിലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. വിഎച്ച്പിയുടെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ഡൽഹിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ഡൽഹിയിലേക്ക് തിരികെ എത്താനിരിക്കെയാണ് പൊലീസ് നടപടി.

ഉത്തര ത്രിപുരയിലെ പാനിസാ​ഗർ ചംതില്ല പ്രദേശത്ത് ഒക്ടോബർ 26ന് നടന്ന ആക്രമണം റിപ്പോർട്ട് ചെയ്യാനാണ് ഇരുവരും സംസ്ഥനത്ത് എത്തിയത്. ത്രിപുരയിലെ പാനിസാ​ഗറിൽ മുസ്ലീം പള്ളിയും കടകളും തകർത്തത് ഇവരാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാൽ പള്ളി തകർത്തിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ബം​ഗ്ലാദേശിൽ ​ദുർ​ഗ പൂജക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് സംഭവം.

നേരത്തെ ത്രിപുരയിലെ സംഘർഷത്തിന് പിന്നാലെ 102 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. നാല് സുപ്രീംകോടതി അഭിഭാഷകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് നടപടി. അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ത്രിപുര പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

ത്രിപുര പൊലീസ് ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ, ബ്രൗസിംഗ് വിശദാംശങ്ങൾ, അവർ ലോഗിൻ ചെയ്ത ഐ.പി വിലാസങ്ങളുടെ പട്ടിക, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറുകൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങളും തേടിയിട്ടുണ്ട്.

വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നമ്പർ 181 പ്രകാരം 68 ട്വിറ്റർ അക്കൗണ്ടുകൾക്കും 32 ഫേസ്ബുക്ക് അക്കൗണ്ടുകൾക്കും രണ്ട് യൂട്യൂബ് അക്കൗണ്ടുകൾക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.