കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു; 2-ജി മാത്രം, സോഷ്യല്‍ മീഡിയ ലഭിക്കില്ല

അഞ്ചു മാസത്തിന് ശേഷം കശ്മീര്‍ താഴ്വരയില്‍ ബ്രോഡ്ബാന്‍ഡ് 2-ജി ഇന്റര്‍നെറ്റ് ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിച്ചത്. കശ്മീര്‍ ഡിവിഷനുകീഴില്‍ 400 ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും ആഭ്യന്തര വകുപ്പധികൃതര്‍ പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ വെബ്സൈറ്റുകളും അവശ്യസേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകളും ഇ- ബാങ്കിംഗ് മുതലായവയുമാണ് ലഭ്യമാവുക.

ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും തീരുമാനമുണ്ട്. ആദ്യം മധ്യകശ്മീരിലും തുടര്‍ന്ന് വടക്കന്‍, തെക്കന്‍ കശ്മീരിലും കണക്ഷന്‍ പുനഃസ്ഥാപിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തി സെല്‍ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തു മാറ്റിയതിനു പിന്നാലെ ഓഗസ്റ്റിലാണ് താഴ്വരയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചത്. ഇന്റര്‍നെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെന്നു ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുള്‍പ്പെടെ കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (എ)യുടെ സുപ്രധാന ഭാഗമാണ് ഇന്റര്‍നെറ്റ് മുഖേനയുള്ള ആവിഷ്‌കാര സ്വാതന്ത്യം. സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിമതശബ്ദങ്ങള്‍ ഇന്റര്‍നെറ്റ് നിരോധനത്തിനുള്ള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ജസ്റ്റിസ് എന്‍വി രമണ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് കശ്മീരിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.

കശ്മീരില്‍ തുടര്‍ച്ചയായി നിരോധനാജ്ഞ പുറപ്പെടുവിച്ച നടപടിയെയും കോടതി വിമര്‍ശിച്ചിരുന്നു. ജമ്മു കശ്മീരിലെ പൊതുപരിപാടികള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു വ്യാപകമായി നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിരോധനാജ്ഞ വ്യത്യസ്ത അഭിപ്രായങ്ങളുള്ള ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.