ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ സ്വന്തം പതാക ഉയര്‍ത്തി ഇറാന്‍ 

കഴിഞ്ഞ വെള്ളിയാഴ്ച പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇറാന്‍ പതാക ഉയര്‍ത്തി. കപ്പലിന്റെ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി. പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്‍ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.പാര്‍ലമെന്റില്‍ തെരേസ മേയ് വിശദീകരണം നല്‍കിയേക്കും.

ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി കപ്പല്‍ ജീവനക്കാരെ തിരികെയെത്തിക്കാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് ബ്രിട്ടീഷ് കപ്പലില്‍ സ്വന്തം പതാക നാട്ടി ഇറാന്‍ നിലപാട് കടുപ്പിച്ചത്.

ഇറാന്‍ സൈന്യത്തിന്റെ സാന്നിധ്യവും കപ്പലിലുണ്ട്. ബന്‍ഡര്‍ അബ്ബാസ് തുറുമുഖത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. പുനരധിവാസത്തിനുള്ള ശ്രമങ്ങളും നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

ടെഹ്‌റാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നിരന്തരമായി ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. നാല് മലയാളികള്‍ കപ്പലിലുണ്ടെന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച സന്ദേശത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മറുപടി നല്‍കിയത്.