1800 കോടിയുടെ ഹവാല പണം ബി.ജെ.പി നേതാക്കള്‍ക്ക് കൈമാറിയ കേസ് ലോക്പാല്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കോഴ ഇടപാടില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും രാജ്നാഥ് സിങ് അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കും കോടിക്കണക്കിന് രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട് ശരിയാണോ എന്നു മാത്രമാണ് അറിയാനുള്ളതെന്നും 2017 ല്‍ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കയ്യില്‍ കിട്ടിയ ഈ ഡയറിയുടെ കാര്യത്തില്‍ എന്തു കൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. കഴിഞ്ഞ ദിവസം മാത്രം രൂപീകരിക്കപ്പെട്ട ലോക്പാലിന്റെ ആദ്യകേസായി ഇത് പരിഗണിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോഴപ്പണത്തെ കുറിച്ചും വാങ്ങിയവരെ കുറിച്ചും പരാമര്‍ശിക്കുന്ന ഡയറി കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് മോദിയോ അമിത് ഷായോ ഇതില്‍ അന്വേഷണം ആവശ്യപ്പെടാതിരുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് കോഴപ്പണമായി യെദ്യൂരപ്പ 1800 കോടി നല്‍കിയെന്ന് ആരോപണം, ഗഡ്കരി, ജെയ്റ്റ്‌ലി, അദ്വാനി, ജോഷി എന്നിവരെല്ലാം വാങ്ങിയത് നൂറു കോടി വീതം, ഡയറി ആദായനികുതി വകുപ്പ് പൂഴ്ത്തി, അന്വേഷണം നടത്താതെ ‘കാവല്‍ക്കാരന്‍’ എന്ന് കോണ്‍ഗ്രസ്

നിതിന്‍ ഗഡ്ഗരി, അരുണ്‍ ജെയ്റ്റ്ലി മുരളി മനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും പണം നല്‍കിയതായാണ് യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ പറയുന്നത്. ഇത് നിസ്സാര സംഭവമല്ല. ബി.ജെ.പി കേന്ദ്രത്തിന് 1000 കോടി രൂപ നല്‍കിയെന്നാണ് പറയുന്നത്. പ്രധാനമന്ത്രി മറുപടി പറഞ്ഞേ തീരൂ- സുര്‍ജേവാല പറഞ്ഞു. വിഷയത്തില്‍ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

ഇന്ന് വലിയൊരു അഴിമതി പുറത്തു കൊണ്ടു വരാനുണ്ട് എന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. രാവിലെ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം പിന്നീട്
ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റുകയായിരുന്നു.  വാര്‍ത്ത കാരവന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്.