ബ്രാഹ്മണര്‍ ജന്മം കൊണ്ട് ബഹുമാനത്തിന് അര്‍ഹര്‍, ഉയര്‍ന്ന പദവിയില്‍ എത്തിയത് സമര്‍പ്പണവും സേവനവും കാരണം: ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള

മറ്റ് സമുദായങ്ങളെ നയിക്കുന്ന ബ്രാഹ്മണർ അർപ്പണബോധവും ത്യാഗവും ഉള്ളവരാണെന്നും, ജന്മം കൊണ്ട് അവർ ബഹുമാനം അർഹിക്കുന്നു എന്നും ലോക്സഭ സ്പീക്കർ ഓം ബിർള. ബ്രാഹ്മണ സമൂഹം എല്ലാ കാലത്തും മറ്റ് സമൂഹങ്ങൾക്ക് മാർഗ്ഗദർശനം നൽകി വരുന്നു, രാജ്യത്തെ നയിക്കുന്നതിൽ ബ്രാഹ്മണ സമൂഹം എല്ലായ്പ്പോഴും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹത്തിൽ വിദ്യാഭ്യാസവും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിൽ അവർ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഒരു ബ്രാഹ്മണ കുടുംബം ഒരു ഗ്രാമത്തിലോ മറ്റോ താമസിക്കുന്നുണ്ടെങ്കിൽ, ആ ബ്രാഹ്മണ കുടുംബം അവരുടെ സമർപ്പണവും സേവനവും കാരണം എല്ലായ്പ്പോഴും ഉയർന്ന പദവി വഹിക്കുന്നു… അതിനാൽ, അവർ ജന്മം കൊണ്ട് തന്നെ സമൂഹത്തിൽ ഉയർന്ന പരിഗണന അർഹിക്കുന്നു. ഞായറാഴ്ച കോട്ടയിൽ നടന്ന അഖിൽ ബ്രാഹ്മണ മഹാസഭയുടെ യോഗത്തിൽ സംസാരിച്ച ബിർള പറഞ്ഞു.

സമാനമായ രീതിയിൽ ബ്രാഹ്മണ സമൂഹത്തോടുള്ള മതിപ്പ് ബിർള ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഞായറാഴ്ച പോസ്റ്റ് ചെയ്തു. അതേസമയം ബിർളയുടെ പ്രസ്താവനയെ നിരവധി പേർ അപലപിക്കുകയും വിമർശിക്കുകയും ചെയ്തും. സ്പീക്കർ എന്ന പദവിയെ മാനിച്ച്‌ ബിർള ഈ പരാമർശം നടത്തരുതായിരുന്നു എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

രാജസ്ഥാൻ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) അദ്ധ്യക്ഷ കവിത ശ്രീവാസ്തവ ബിർളയുടെ പ്രസ്താവനയെ അപലപിക്കുകയും അദ്ദേഹം തന്റെ വാക്കുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, ഒരു സമുദായത്തിന്റെ മേധാവിത്വം സ്ഥാപിക്കുകയോ ഒരു സമുദായത്തെ മറ്റ് സമുദായങ്ങളെക്കാൾ ഉയർന്നതായി പ്രഖ്യാപിക്കുകയോ ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന് വിരുദ്ധമാണ്. ഇത് ഒരു തരത്തിൽ മറ്റ് ജാതികളെ അപമാനിക്കുകയും ജാതീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, കവിത ശ്രീവാസ്തവ പറഞ്ഞു. ബിർളക്ക് എതിരെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പി.യു.സി.എൽ പരാതി അയക്കുമെന്നും കവിത ശ്രീവാസ്തവ അറിയിച്ചു.

രാജ്യത്തെ മിക്ക അധ്യാപകരും ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ളവരാണെന്ന് കണ്ടെത്താൻ സാധിക്കുമെന്നും ഞായറാഴ്ചത്തെ യോഗത്തിൽ കോട്ടയിൽ നിന്നുള്ള എം.പിയായ ബിർള പറഞ്ഞു,

വിവാഹത്തിനായി വധുക്കളെയും വരന്മാരെയും കണ്ടെത്തുന്നതിന് ബ്രാഹ്മണ യുവാക്കളുടെ കുടുംബങ്ങൾക്കായുള്ള യുവക് യുവതി പരിചയ് സമ്മേളനത്തിൽ (യൂത്ത് ഇൻട്രൊഡക്ഷൻ മീറ്റ്) പങ്കെടുത്ത സ്പീക്കർ ബിർള ബ്രാഹ്മണ സമൂഹത്തെ രക്ഷിക്കാനുള്ള ഏക മാർഗ്ഗം ഇത്തരത്തിലുള്ള പരിചയ സമ്മേളനങ്ങൾ ആണെന്നും പറഞ്ഞു.