ബ്രാഹ്മണര്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ്, മറ്റ് ജാതിക്കാര്‍ക്ക് പങ്കെടുക്കാന്‍ പറ്റില്ലെന്ന് നിബന്ധന; വൈറലായി 'ബ്രാഹ്മിൺ ഒൺലി'​ പോസ്റ്റർ

ഹെെദരാബാദിൽ ബ്രാഹ്മണർക്ക്​ മാത്രമായി ക്രിക്കറ്റ്​ ടൂർണമെന്‍റ് സംഘടിപ്പിച്ച്​ എന്‍ജിനീയറിംഗ്​ കോളജ്​ വിദ്യാർത്ഥികൾ. ഡിസംബര്‍ 25, 26 തിയതികളില്‍ നടന്ന ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

ഹൈദരാബാദിലെ നാഗോളിലെ ബി.എസ്​ ഗ്രൗണ്ടിലാണ്​ ടൂർണമെന്‍റ്​ നടക്കുന്നതെന്നാണ്​ പോസ്റ്ററിൽ പറയുന്നത്​. തലക്കെട്ട്​ സൂചിപ്പിക്കുന്നതുപോലെ പങ്കെടുക്കുന്ന ഓരോ കളിക്കാരനും ബ്രാഹ്മണനാകണമെന്ന പ്രത്യേക നിബന്ധനയും പോസ്റ്ററിൽ പറയുന്നുണ്ട്. പ​ങ്കെടുക്കുന്നവർ ​ഐഡന്‍റിറ്റി കാർഡ്​ കൈയിൽ കരുതണം. ബ്രാഹ്മണനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കളിക്കാര്‍ ഹാജരാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. മറ്റ് ജാതിക്കാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നും പോസ്റ്ററിലെ നിബന്ധനകളിൽ പറയുന്നുണ്ട്​.

10 ഓവർ മത്സരമായാണ്​ കളികൾ നടന്നത്​. ഒന്നാം സമ്മാനമായി 15000 രൂപയും റണ്ണറപ്പിന്​ 10000രൂപയും നൽകിയിരുന്നു. പോസ്റ്റർ വൈറലായതോടെ ചില മാധ്യമങ്ങൾ സംഘാടകരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും ടൂർണമെന്‍റിനെപറ്റി അഭിപ്രായം ആരായുകയും ചെയ്​തു. “ബ്രാഹ്മണ സമുദായ അംഗങ്ങളെ സ്​പോർട്​സിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ ടൂർണമെന്‍റ സംഘടിപ്പിച്ചത്. മറ്റേതൊരു സമുദായത്തെ പിന്തുണയ്ക്കാനായിരുന്നെങ്കിലും ഞങ്ങളിതുതന്നെ ചെയ്യുമായിരുന്നു. ഇതിൽ എന്തെങ്കിലും പ്രശ്​നമുള്ളതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ സ്വയം ഇന്ത്യക്കാരാണെന്നാണ്​ കരുതുന്നത്​. അല്ലാതെ ബ്രാഹ്മണൻ ആയിട്ടല്ല”- സംഘാടകരിൽ ഒരാൾ പറഞ്ഞു.