'സച്ചിനും ഗെലോട്ടും സന്തുഷ്ടര്‍, ഇത് ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടി': കെ.സി വേണുഗോപാല്‍

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സച്ചിന്‍ പൈലറ്റും ഞങ്ങളുടെ മുഖ്യമന്ത്രിയും സന്തുഷ്ടരാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കിയത്. സച്ചിന്‍ പൈലറ്റും ഞങ്ങളുടെ മുഖ്യമന്ത്രിയും സന്തുഷ്ടരാണ്. തെറ്റുകള്‍ ചെയ്യുന്ന ബിജെപിക്കുള്ള സന്ദേശമാണ് രാജസ്ഥാനില്‍ കണ്ടതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഗെലോട്ട് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഹരിയാനയിലേക്ക് പോയ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഇന്ന് ജയ്പൂരില്‍ തിരിച്ചെത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി സച്ചിൻ പൈലറ്റ് നടത്തിയ ദീർഘമായ ചർച്ചക്ക് ശേഷമാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്. കൂടിക്കാഴ്ചക്ക് ശേഷം നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും പാർട്ടിയിൽ അടിയുറച്ച് നിൽക്കുമെന്നുമാണ് സച്ചിൻ പൈലറ്റ് പ്രതികരിച്ചത്. സച്ചിൻ പൈലറ്റിന് പിസിസി അദ്ധ്യക്ഷപദം തിരികെ നൽകിയേക്കും എന്നാണ് സൂചന.

ജൂലായ് ആദ്യവാരമാണ് സച്ചിനും മറ്റ് 18 എംഎല്‍എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ രാജസ്ഥാനിലെ അശോക് ഗെ‌ലോട്ട് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. വിശ്വാസ വോട്ടെടുപ്പിനായി രാജസ്ഥാന്‍ നിയമസഭ ഓഗസ്റ്റ് 14- ന് ചേരാനിരിക്കെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വഴി തുറക്കുന്നത്. ഗുജറാത്തിലെ റിസോർട്ടിലുള്ള ബിജെപി എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കാൻ ജയ്പൂരിൽ മടങ്ങി എത്തും.