ബലാത്സംഗ ആരോപണം; ബി.ജെ.പിയുടെ ചിൻമയാനന്ദിന് സന്ന്യാസ പദവി നഷ്ടമാകും

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിൻമയാനന്ദ് നിയമ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുകയും ലൈംഗിക പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു. അതേസമയം ഹിന്ദു സന്ന്യാസികളുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സംഘടനയായ അഖിൽ ഭാരതിയ അഖാര പരിഷത്ത് (എ ബി എ പി) ചിൻമയാനന്ദിനെ സന്ന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചിൻമയാനന്ദിനെ സന്ന്യാസ സമൂഹത്തിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിന് ശേഷം എബിഎപി പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു. ഒക്ടോബർ 10 ന് ഹരിദ്വാറിൽ അഖില ഭാരതിയ അഖാര പരിഷത്തിന്റെ ഔദ്യോഗിക യോഗം ചേരുമെന്നും ഈ തീരുമാനത്തിന് പൊതുസഭയുടെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ചിൻമയാനന്ദ് തന്റെ തെറ്റുകൾ അംഗീകരിച്ചു, സന്ന്യാസ സമൂഹത്തിന് ഇതിൽ കൂടുതൽ ലജ്ജാകരമായ ഒന്നും തന്നെയില്ല. കോടതിയിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെടുന്ന ദിവസം വരെ അദ്ദേഹത്തെ പുറത്താക്കും.” മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു.

ചിൻമയാനന്ദ് ഇപ്പോൾ മഹാ നിർവാണി അഖാരയിലെ മഹാമണ്ഡലേശ്വറാണ്.

73 കാരനായ ചിൻമയാനന്ദിന് തന്റെ സ്ഥാനം നഷ്ടപ്പെടുന്നത് കൂടാതെ അദ്ദേഹത്തിന്റെ പേരിനൊപ്പം “സന്ത്” അല്ലെങ്കിൽ “സ്വാമി” ചേർക്കാനും ഇനി കഴിയില്ല.