സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പിയ്ക്ക് നാല്‍പതില്‍ അധികം സീറ്റുകള്‍ ലഭിക്കില്ലെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ്

സത്യസന്ധമായി തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പിക്ക് നാല്‍പതിലധികം സീറ്റുകള്‍ കിട്ടില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുന്ന നേതാവാണ് അജയ്. മോദിക്ക് അയച്ച കത്തിലാണ് അജയ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2014ല്‍ റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച അജയ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നും മത്സരിച്ച അജയ് ആണ് ബി.ജെ.പിക്ക് ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ നേടിക്കൊടുത്തത്. ഈ വര്‍ഷം അദ്ദേഹത്തെ റായ്ബറേലിയില്‍ നിന്നും മത്സരിപ്പിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. മോദി തന്നോട് നന്ദി കാട്ടിയില്ലെന്നും മനോഭാവത്തില്‍ ഇരട്ടത്താപ്പാണെന്നും അജയ് പറയുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കാന്‍ കാരണം തന്റെ ഇടപെടലാണ്. എന്നാല്‍ മോദി തന്നോട് നന്ദി കാട്ടിയില്ല. ‘ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മണി ശങ്കര്‍ അയ്യറുടെ വീട്ടില്‍ വെച്ച് ഹമീദ് അന്‍സാരിയും, മന്‍മോഹന്‍ സിങും പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം ഞാനാണ് പുറത്തു വിട്ടത്. ഞാനങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ ബി.ജെ.പി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നു’- അജയ് പറയുന്നു.

പ്രസ്തുത കൂടിക്കാഴ്ച രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് മോദി തിരഞ്ഞെടുപ്പ് റാലികളില്‍ നിരന്തരം പറയുമായിരുന്നെന്നും, അത് ബി.ജെ.പിയെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചതായി അജയ് കൂട്ടിച്ചേര്‍ത്തു.