വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാന്‍ ബിജെപി; പ്രകടനപത്രിക നാളെ പുറത്തിറക്കും

രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ ആവര്‍ത്തനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണത്തെ പോലെ തന്നെ വികസനം, ഹിന്ദുത്വം, ദേശീയത എന്നിവയില്‍ അധിഷ്ഠതമായിരിക്കും പത്രിക. “ശപഥ് പത്ര്” എന്നാണ് പ്രകടനപത്രികയ്ക്ക് പേരിട്ടിരിക്കുന്നത്.

അയോധ്യ ക്ഷേത്രനിര്‍മാണം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് വിവരം. പുതിയ മന്ത്രാലയം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി രൂപീകരിക്കുമെന്നും വാഗ്ദാനം നല്‍കും. മോദി സര്‍ക്കാര്‍ വന്നതോടെ തൊഴിലവസരങ്ങള്‍ കുറഞ്ഞതായിട്ടുള്ള പ്രതിപക്ഷ ആരോപണത്തെ മറികടക്കുന്നതിനാണ് പുതിയ വാഗ്ദാനം.

“കരുത്തുള്ള ഇന്ത്യ, ശേഷിയുള്ള ഇന്ത്യ” എന്നതാണ് ഇത്തവണ പത്രികയില്‍ ബിജെപിയുടെ മുദ്രാവാക്യം. കര്‍ഷക മേഖലയില്‍ നിന്നും സര്‍ക്കാരിനെതിരെ നിരവധി സമരങ്ങള്‍ അഞ്ചു വര്‍ഷത്തിനിടെ നടന്നിരുന്നു. അതിനാല്‍ തന്നെ 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പോലെ ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള മാര്‍ഗരേഖയും പത്രികയില്‍ ഇടം നേടും.

Read more

തീവ്രവാദത്തോട് കടുത്ത നിലപാട് തുടരുമെന്നതും കഴിഞ്ഞ തവണത്തെ പോലെ പത്രികയിലുണ്ടാകും. ദേശീയതയെ ഉയര്‍ത്തിക്കാട്ടി വോട്ട് ഉറപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ നല്‍കിയ വാഗ്ദാനങ്ങളില്‍ 550-ല്‍ 520-ഉം നടപ്പാക്കിയെന്ന് പത്രിക അവകാശപ്പെടുന്നതായിട്ടും റിപ്പോര്‍ട്ടുണ്ട്.