യദ്യൂരപ്പയുടെ 'മാസ്റ്റര്‍ സ്‌ട്രോക്ക്', കോണ്‍ഗ്രസ്-ദള്‍ സഖ്യത്തെ ഞെട്ടിച്ച് കര്‍ണാടക

17-ാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കര്‍ണാടകയില്‍ ബിജെപിയുടെ വ്യക്തമായ മേധാവിത്വം. 28 ലോക്സഭ സീറ്റുകളില്‍ ബി.ജെ.പി 23 സീറ്റുകളില്‍ നിലവില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നാലിടത്തും ജെ.ഡി.എസ് ഒരിടത്തും ലീഡ് ചെയ്യുന്നു.

ബി.ജെ.പിയുടെ പ്രധാന സ്ഥാനാര്‍ത്ഥികളിലൊരാളായ തേജസ്വി സൂര്യ ബംഗ്ലൂരു സൗത്തില്‍ ലീഡ് ചെയ്യുകയാണ്. മാണ്ഡ്യയില്‍ ബിജെപി പിന്തുണയുളള സുമലത നേരിയ തോതില്‍ ലീഡിംഗ് ഇപ്പോഴും തുടരുകയാണ്.

സംസ്ഥാനത്ത് എച്ച്.ഡി ദേവഗൗഡയുടെ കുടുംബത്തിലെ ഒരാള്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. തുകൂരില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പിറകിലാണ്. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമി മാണ്ഡ്യയില്‍ പുറകിലാണ്. ഹാസനില്‍ ദേവഗൗഡയുടെ മറ്റൊരു പേരക്കുട്ടിയായ പ്രജ്വല്‍ രേവണ്ണ മാത്രമാണ് ലീഡ് ചെയ്യുന്നത്.

Read more

ആഭ്യന്തര സംഘര്‍ഷം തുടരുന്ന കര്‍ണാടക കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് പത്ത് സീറ്റെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് തന്നെ കാരണമായേക്കും. നിലവില്‍ നേരിയ ഭൂരിപക്ഷത്തിലാണ് സഖ്യസര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബിജെപിയുടെ മുന്നേറ്റം യദ്യൂരപ്പയുടെ വിജയമായാണ് വിലയിരുത്തുന്നത്.