ഗുജറാത്തില്‍ ബിജെപിക്ക് അടിപതറുന്നു; തെളിവായി മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഫോണ്‍ സംഭാഷണം; 'ബിജെപിയുടെ സ്ഥിതി ക്ഷീണത്തില്‍'

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. തെരഞ്ഞെടുപ്പില്‍ ബിജെപി നില ക്ഷീണത്തിലാണെന്ന് ബിജെപി പ്രവര്‍ത്തകനോട് പറയുന്ന ഫോണ്‍ ഓഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. സുരേന്ദ്ര നഗറിലുള്ള ജൈന സമുദായക്കാരുടെ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് ബുദ്ധിമുട്ടാണെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുണ്ട്. സുരേന്ദ്ര നഗറിലുള്ള നരേഷ് സംഗിതം എന്നയാളോടാണ് മുഖ്യമന്ത്രി ഫോണില്‍ സംസാരിക്കുന്നത്.

രാജ്യത്തെ ഏക ജൈന മതക്കാരനായ മുഖ്യമന്ത്രിയാണ് താനെന്നും ഫോണ്‍ സംഭാഷണത്തിനിടയില്‍ രൂപാണി പറയുന്നു. ഗുജറാത്തില്‍ അഞ്ചു ശതമാനം മാത്രം ജൈനമതക്കാരൊള്ളൂ എങ്കിലും തന്നെ മുഖ്യമന്ത്രിയാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും രൂപാണി പറയുന്നുണ്ട്.

നമുക്ക് നമ്മുടെ ഫോമിലേക്ക് തിരിച്ചെത്തണം. രാജ്യത്ത് ജൈന മതക്കാരനായ ഒരു മുഖ്യമന്ത്രി മാത്രമാണുള്ളത്. പിന്നെ എന്തുകൊണ്ടാണ് ജൈന സമുദായക്കാര്‍ നമ്മളെ പിന്തുണയ്ക്കാത്തത്. ഇവിടെ നമ്മുടെ സ്ഥിതി ക്ഷീണം. അതിലും ക്ഷീണമാണ് തന്റെ അവസ്ഥ. ഫോണ്‍ സംഭാഷണത്തില്‍ രൂപാണി പറയുന്നു.

പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വിവാദമായ സെക്‌സ് സിഡിക്ക് പിന്നില്‍ വിജയ് രൂപാണിയും ബിജെപിയുടെ ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വഘാനിയുമാണെന്ന് പട്ടേല്‍ സമുദായം ആരോപിച്ചിരുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കുള്ളില്‍ സീറ്റിനായി തര്‍ക്കം മുറുകുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തിലെ കമാലം സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നിലെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സിറ്റിംഗ് എംഎല്‍എയും ദളിത് നേതാവുമായ ജീത സോലങ്കി പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുകയും കമാലം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ഓഡിയോ ക്ലിപ്പ്-നാഷണല്‍ ഹെറാള്‍ഡ്