'കശ്മീര്‍ തകര്‍ന്നത്തിന് കാരണം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ച പ്രീണന നയം': ലഡാക്ക് ബി.ജെ.പി എം.പി ജമ്യാങ് സെറിങ്

കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലഡാക്കില്‍നിന്നുള്ള ബിജെപിയുടെ യുവ ലോക്‌സഭാംഗം ജമ്യാങ് സെറിങ് നംഗ്യാല്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പ്രതിരോധ നയങ്ങളില്‍ ലഡാക്കിന് പ്രാധാന്യം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ദെംചോക്ക് സെക്ടര്‍ വരെയുള്ള പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കിയതെന്നും നംഗ്യാല്‍ ആരോപിച്ചു. പ്രീണന നയമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കശ്മീരില്‍ സ്വീകരിച്ചത്. ഇതുമൂലം കശ്മീര്‍ തകര്‍ന്നു. ഇതേ നയം കാരണം ലഡാക്കിനും നാശനഷ്ടങ്ങളുണ്ടായെന്നും നംഗ്യാല്‍ ആരോപിച്ചു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു “ഫോര്‍വേഡ് പോളിസി”യാണു രാജ്യത്തിനു വേണ്ടി ഉണ്ടാക്കിയത്. ഇഞ്ചോടിഞ്ചായി ചൈനയുടെ നേര്‍ക്കു പോകുകയെന്നതായിരുന്നു ഇത്. എന്നാല്‍ നടപ്പാക്കിയപ്പോള്‍ ഇതൊരു “പിന്നോട്ടുള്ള പോളിസി”യായി മാറി. അങ്ങനെ ചൈനീസ് സൈന്യം ഇന്ത്യയിലേക്കു നുഴഞ്ഞുകയറി, നമ്മള്‍ പിന്‍വാങ്ങുകയും ചെയ്തു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. അക്‌സായിചിന്‍ പൂര്‍ണമായും ചൈനയ്ക്കു കീഴില്‍ വരാനുള്ള കാരണം ഇതാണ്. 55 വര്‍ഷമായുള്ള കോണ്‍ഗ്രസ് ഭരണത്തില്‍ ലഡാക്കിനു പ്രതിരോധത്തില്‍ പ്രാധാന്യം നല്‍കാത്തതുകൊണ്ടുതന്നെ ചൈനീസ് സൈന്യം ദെംചോക്ക് വരെ എത്തി.

കേന്ദ്രഭരണ പ്രദേശമായി മാറിയതോടെ ലഡാക്കിന് പ്രാധാന്യം ലഭിച്ചു തുടങ്ങി. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുള്ള കുടിയേറ്റവും അവസാനിച്ചു. മോദി സര്‍ക്കാരിന്റെ കീഴില്‍ റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയെല്ലാം വരുമ്പോള്‍ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാകും. കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോഴെല്ലാം കോണ്‍ഗ്രസ് പ്രീണന നയമാണു സ്വീകരിച്ചത്. ഉറച്ച തീരുമാനം അവരില്‍നിന്നും ഉണ്ടായില്ല. പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചാണ് അവര്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയത്.

ഇത് കശ്മീരില്‍ കല്ലെറിയുന്നവരെ സന്തോഷിപ്പിച്ചു. വിഘടനവാദികള്‍ക്ക് അങ്ങനെ സംരക്ഷണം ലഭിച്ചു. നല്ലതായാലും മോശമായാലും ഇത് കശ്മീരിനും ലഡാക്കിനും പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നംഗ്യാല്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുവനേതാവിന്റെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ആക്രമിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെയും ലഡാക് എംപി വിമര്‍ശിക്കുന്നു. 55 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യമുണ്ടായില്ല. ഇപ്പോള്‍ അവര്‍ അമിതാവേശത്തിലാണ്. രാഹുല്‍ ഗാന്ധി എന്തു പറയുന്നുവെന്നതിനു ശ്രദ്ധകൊടുക്കുന്നില്ലെന്നും നംഗ്യാല്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദെംചോക്കിനു സമീപം ഇന്ത്യയുടെ സ്ഥലത്തു കനാല്‍ നിര്‍മിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ദലൈലാമയുടെ പിറന്നാള്‍ ദിവസം ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്ന് ദെംചോക്കിലേക്കു പ്രവേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ടിബറ്റ് വിഭാഗക്കാര്‍ ആഘോഷങ്ങളുടെ ഭാഗമായി ടിബറ്റന്‍ പതാക ഉയര്‍ത്തിയതാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ നുഴഞ്ഞുകയറ്റമുണ്ടായില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.