അവര്‍ക്ക് അറിയാം പരാജയപ്പെടുമെന്ന്, അമേഠി രാഹുലിന്റെ കൈവിട്ടു പോയി പ്രിയങ്കയ്ക്ക് എവിടെ നിന്നാണ് മത്സരിക്കേണ്ടത് എന്ന് പോലും അറിയില്ല; പരിഹാസവുമായി ബി.ജെ.പി

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞതിനെതിരെ പരിഹാസവുമായി ബിജെപി. പരാജയഭീതി കൊണ്ടാണ് പ്രിയങ്ക ഗാന്ധി പ്രസ്താവന തിരുത്തിയതെന്ന് ബിജെപി ആരോപിച്ചു. ‘കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് അവര്‍ക്കറിയാം. രാഹുലിന് അമേഠി കൈവിട്ടുപോയി. പ്രിയങ്കയ്ക്ക് എവിടെനിന്നു മത്സരിക്കണമെന്നും പോലും അറിയില്ല. അതിനാലാണ് പ്രിയങ്ക തന്റെ പ്രസ്താവന തിരുത്തിയത്.’- യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

വെള്ളിയാഴ്ച എഐസിസി ആസ്ഥാനത്ത് യുവാക്കള്‍ക്കായുള്ള പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെയാണ് യുപി കോണ്‍ഗ്രസില്‍ തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന ചോദ്യം പ്രിയങ്കാ ഗാന്ധി ഉയര്‍ത്തിയത്. യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രിയങ്കയുടെ പ്രഖ്യാപനമാണ് ഇതെന്ന പ്രചാരണം വന്നതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തുവന്നുതന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രിയങ്ക പറഞ്ഞു.

അതേ സമയം, ഉത്തര്‍പ്രദേശില്‍ പ്രചാരണം ശക്തമാക്കുകയാണ് ബിജെപി. കൈരാനയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ഥിച്ചു.