ബി.ജെ.പി, എം.എല്‍.എയുടെ മകൾക്കും ഭർത്താവിനും സുരക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

ബി.ജെ.പി, എം.എല്‍.എയുടെ മകള്‍ സാക്ഷി മിശ്രയ്ക്കും ഭർത്താവ് അജിതേഷിനും സംരക്ഷണം നല്‍കാന്‍ അലഹബാദ്‌ ഹൈക്കോടതി ഉത്തർപ്രദേശ് പൊലീസിന് നിര്‍ദേശം നൽകി. താഴ്ന്ന ജാതിയിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ തനിക്കും ഭർത്താവിനും പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ചു ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഇവരുടെ വിവാഹം സാധുവാണെന്നു നിരീക്ഷിച്ച കോടതി സംരക്ഷണം നൽകാൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു.

എന്നാല്‍ കേസില്‍ ഹാജരാകുന്നതിനായി കോടതിയിലെത്തിയ അജിതേഷിനെ കോടതി പരിസരത്തു വെച്ച് ഒരു സംഘം ആക്രമിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ബറേലിയിലെ ബി.ജെ.പി, എം.എല്‍.എ രാജേഷ് മിശ്രയുടെ മകളായ സാക്ഷിയും ദളിത് യുവാവായ അജിതേഷും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. പിതാവില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ സാക്ഷി രംഗത്തു വന്നതോടെയാണ് ഇവരുടെ വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയത്. ഭീഷണിയെ തുടർന്ന് ഇവര്‍ പലയിടങ്ങളിലായി ഒളിച്ചു താമസിക്കേണ്ട അവസ്ഥയായിരുന്നു. ഇതിനിടെ ഇരുവരേയും അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു.