ബിജെപി നേതാവ് സോനാലി ഫോഗാട്ട് മാർക്കറ്റ് കമ്മിറ്റി സെക്രട്ടറിയെ തല്ലി, വീഡിയോ വൈറൽ

 

ബിജെപി നേതാവും ടിക് ടോക്ക് താരവുമായ സോനാലി ഫോഗാട്ട് ഹരിയാനയിലെ ഹിസാറിലെ മാർക്കറ്റ് കമ്മിറ്റി സെക്രട്ടറിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മാർക്കറ്റ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ സിംഗുമായി തർക്കിക്കുകയും തുടർന്ന് ഇദ്ദേഹത്തെ അടിക്കുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സോനാലിയോടൊപ്പം അവരുടെ സഹായികളും ഒപ്പം ഉണ്ടായിരുന്നു.

വിവാദങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ ബിജെപി നേതാവ് സോനാലി ഫോഗാട്ട് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ അഡാംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി കുൽദീപ് ബിഷ്നോയിയോട് പരാജയപ്പെട്ടു. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക് ടോക്കിൽ സോനാലി വളരെ ജനപ്രിയമാണ്.