കൈയേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ബി.ജെ.പി, എം.പി

കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി മധ്യപ്രദേശ് എം.പി ആകാശ് വിജയ വര്‍ഗിയ. ഇന്‍ഡോറിലെ ഗഞ്ചിയില്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥരായ ധീരേന്ദ്ര ബ്യാസും അസിത് ഖാരെയും. എന്നാല്‍ എം.പി ആകാശ് വിജയവര്‍ഗിയ ഇവിടെയെത്തി ഉദ്യോഗസ്ഥരോട് ഉടന്‍ തന്നെ സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിലും തുടര്‍ന്ന് മര്‍ദ്ദനത്തിലും കലാശിക്കുകയായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ വര്‍ഗിയയുടെ മകന്‍ കൂടിയാണ് ആകാശ്.

അഞ്ച് മിനിട്ടിനുള്ളില്‍ ഇവിടം വിട്ടില്ലെങ്കില്‍ പിന്നീടെന്ത് സംഭവിച്ചാലും അതിനുത്തരവാദി നിങ്ങളായിരിക്കുമെന്ന് ആകാശ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നീട് വാദപ്രതിവാദമുണ്ടാകുകയും വലിയ അടിപിടിയിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു. ക്രിക്കറ്റ് ബാറ്റ് എടുത്ത് കൊണ്ട് ആകാശ് ഉദ്യോഗസ്ഥരെ തല്ലാനോങ്ങുന്നതും പൊലീസുകാര്‍ അദ്ദേഹത്തെ തടയുന്നതും ദൃശ്യങ്ങളില്‍ കാണാം. മാധ്യമപ്രവര്‍ത്തകരും പോലീസുകാരും നോക്കി നില്‍ക്കെയാണ് എം.പിയും അനുയായികളും ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്.

താന്‍ ക്ഷുഭിതനായിരുന്നുവെന്നും സംഭവിച്ചതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും ആകാശ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ അവരുടെ തന്നിഷ്ടം കാട്ടിയെന്നും ആകാശ് ന്യായീകരിച്ചു. എം.പിക്കും അനുയായികള്‍ക്കുമേതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.