ബി.ജെ.പി സർക്കാർ രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടു: കോൺഗ്രസ്

ഗുരുതരമായ സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാൻ ബി.ജെ.പി സർക്കാർ റിസർവ് ബാങ്കിൽ നിന്ന് 1,76 ലക്ഷം കോടി രൂപ ബലമായി എടുത്തതായി കോൺഗ്രസ് ആരോപിച്ചു. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടതായും കോൺഗ്രസ് അഭിപ്രായപ്പെട്ടു.

1.76 ലക്ഷം കോടി രൂപയുടെ കരുതൽ ധനം സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് തിങ്കളാഴ്ച അംഗീകാരം നൽകിയിരുന്നു. സർക്കാരിന്റെ പരാജയങ്ങളും സാമ്പത്തിക മാന്ദ്യവും മറച്ചുവെക്കാനായി ബി.ജെ.പി സർക്കാർ 1,76,000 കോടി രൂപ ആർ‌.ബി‌.ഐയിൽ നിന്ന് എടുത്തതിനാൽ ആർ‌.ബി‌.ഐയുടെ അടിയന്തര ഫണ്ട് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺ‌ദീപ് സുർജേവാല ട്വീറ്റ് ചെയ്തു. സെൻട്രൽ ബാങ്കിന്റെ അടിയന്തര ഫണ്ടിനെ പറ്റിയുള്ള ഒരു മാധ്യമ റിപ്പോർട്ട് ടാഗു ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ബി.ജെ.പി സർക്കാർ രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ട്വീറ്റിൽ കോൺഗ്രസ് വക്താവ് രാജ്യത്ത് വർദ്ധിച്ചുവരുന്ന ബാങ്ക് തട്ടിപ്പുകളും ചൂണ്ടിക്കാട്ടി.

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ 74 ശതമാനം ഉയർന്ന് 2018-19 സാമ്പത്തിക വർഷത്തിൽ 71,543 കോടി രൂപ ആയതായി റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2017-18 സാമ്പത്തിക വർഷത്തിൽ ഇത് 41,167 കോടി രൂപയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ബാങ്ക് വായ്പ നൽകുന്നതിൽ ഏറ്റവും വലിയ വിപണി വിഹിതമുള്ള സർക്കാർ ബാങ്കുകളിൽ നിന്നാണ് 2018-19 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വഞ്ചനകളുടെ ഭൂരിഭാഗവും. സ്വകാര്യമേഖല ബാങ്കുകളും വിദേശ ബാങ്കുകളും അതിന് തൊട്ട് പിറകിലാണ്, ”റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.