ത്രിപുരയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബി.ജെ.പി ആക്രമണം; ആക്രമിച്ച് നിശ്ശബ്‌ദരാക്കാനുള്ള സംഘപരിവാർ ലക്ഷ്യമെന്ന് സി.പി.എം

ത്രിപുരയിൽ സി.പി.ഐ.എം ഓഫീസുകൾക്കുനേരെ ബി.ജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. അഗർത്തലയിലുള്ള പാർട്ടി ആസ്ഥാനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബി.ജെ.പി പ്രവർത്തകർ കത്തിച്ചു.

ഓഫീസിനുള്ളിലെ ഫർണിച്ചറുകളും തകർത്തിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.

നിരവധി സിപിഐ എം പ്രവർത്തകരുടെ വീടുകളും ബിജെപിക്കാർ ആക്രമിച്ച്‌ തകർത്തു. ബിഡൽഗറിലെ ഓഫീസ്‌ പൊലീസ്‌ നോക്കിനിൽക്കെയാണ്‌ അക്രമികൾ തീവച്ചത്‌.

അക്രമങ്ങളെ സി.പി.ഐ.എം അപലപിച്ചു. ത്രിപുരയിലെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ സർക്കാരും ബിജെപിയും നടത്തുന്നതെന്ന് സി.പി.ഐ.എം പ്രസ്താവനയിൽ പറഞ്ഞു.

ആക്രമിച്ച്‌ തോൽപ്പിക്കാമെന്നും, നിശ്ശബ്‌ദരാക്കാമെന്നുമുള്ള സംഘ്‌പരിവാർ ലക്ഷ്യം നടക്കില്ലെന്നും സി.പി.ഐ.എം പറഞ്ഞു.