'ഇപ്പോൾ നൊബേൽ സമ്മാനം ലഭിക്കാൻ വേണ്ട യോഗ്യത രണ്ടാം ഭാര്യ വിദേശിയായിരിക്കണമെന്നതാണ്' ; അഭിജിത് ബാനർജിയെ പരിഹസിച്ച് ബി ജെ പി സെക്രട്ടറി

വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് ഈയിടെയായി നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേല്‍ സമ്മാനം ലഭിക്കാനുള്ള ഡിഗ്രി എന്നും അഭിജിത് ബാനർജിയെ പരിഹസിച്ചു ബി ജെ പി ദേശീയ ജനറൽ സെക്രെട്ടറി രാഹുൽ സിൻഹ. സാമ്പത്തിക ശാസ്ത്രത്തിന് മുൻപ് നൊബേൽ ലഭിച്ചിട്ടുള്ള അമർത്യാസെന്നിന്റെ രണ്ടാം ഭാര്യയും വിദേശ വനിതയാണ്. അഭിജിത് ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും  അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.  ഇതിനെ സിന്‍ഹ അനുകൂലിക്കുകയും ചെയ്തു.

‘ ഗോയല്‍ പറഞ്ഞതു പൂർണ്ണമായും ശരിയാണ്. കാരണം, ഈ ആളുകള്‍ ഇടതു നയങ്ങള്‍ കൊണ്ടു സമ്പദ്‌വ്യവസ്ഥയ്ക്കു നിറം പൂശുകയാണ്. ഇടതു പാതയില്‍ക്കൂടി സമ്പദ്‌വ്യവസ്ഥ സഞ്ചരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഇടതു നയങ്ങള്‍ ഈ രാജ്യത്ത് ആവശ്യത്തിലും അധികമായിക്കഴിഞ്ഞിരിക്കുന്നു.’- സിന്‍ഹ പറഞ്ഞു.

എസ്തര്‍ ഡഫ്ളോക്കും മൈക്കല്‍ ക്രെമറിനും ഒപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം പങ്കിട്ട അഭിജിത് ബാനര്‍ജി ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും കടുത്ത വിമര്‍ശകനാണ്.

‘അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലഭിച്ചു.  ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.  നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്‌വ് വെച്ചു പുലര്‍ത്തുന്നവയാണ്. കോൺഗ്രസ്സിന്റെ അദ്ദേഹം ന്യായ് പദ്ധതിയെ പിന്തുണച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു’ – വാര്‍ത്താ സമ്മേളനത്തില്‍ പിയുഷ് ഗോയല്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.   അദ്ദേഹം ഒരു ഇന്ത്യക്കാരനാണ് എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അതിനു പക്ഷെ നമ്മള്‍ അദ്ദേഹത്തോട് യോജിക്കണം എന്നു നിര്‍ബന്ധമില്ലല്ലോ. ജനങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ നിശിത വിമർശകനാണ് അഭിജിത് ബാനര്‍ജി. നോട്ടു നിരോധനത്തെയും ജി.എസ്.ടി നടപ്പാക്കിയ രീതിയേയും ബാനര്‍ജി വിമര്‍ശിച്ചിരുന്നു.