നജീബിന്റെ തിരോധാനം; ജെ.എൻ.യുവിൽ മൂന്നു വർഷം മുമ്പ് കാണാതായ മകന് ജന്മദിനാശംസകൾ നേർന്ന് മാതാവ്

 

ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും മൂന്ന് വർഷം മുമ്പ് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന് പിറന്നാൾ ആശംസകൾ നേർന്ന് മാതാവ് ഫാത്തിമ നഫീസ്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് നജീബിന്റെയും തന്റെയും ചിത്രത്തോടൊപ്പം സന്തോഷ ജന്മദിനം നജീബ് എന്ന് ഫാത്തിമ നഫീസ് പോസ്റ്റ് ചെയ്തത്. ജെ.എൻ.യു വിലെ ഒന്നാം വർഷ എം‌എസ്‌സി ബയോടെക്നോളജി വിദ്യാർത്ഥിയായിരിക്കെ 2016 ഒക്ടോബർ 15 – ന് സർവകലാശാല കാമ്പസിലെ ഹോസ്റ്റലിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ നജീബ് അഹമ്മദിനെ കാണാതാവുകയായിരുന്നു. കാണാതാവുമ്പോൾ നജീബിന് 27 വയസായിരുന്നു.

#HappyBirthday Najeeb ♥️

Posted by Fatima Nafis on Thursday, December 26, 2019

ജെഎൻയുവിൽ പുതുതായി ചേർന്ന വിദ്യാർത്ഥിയായിരുന്നു നജീബ്, കാണാതാകുന്നതിന് ഒരാഴ്ച മുമ്പ് ജെഎൻയു കാമ്പസിലെ മഹി-മാണ്ഡവി ഹോസ്റ്റലിൽ താമസവും ആരംഭിച്ചിരുന്നു. നജീബിനെ കാണാതാവുന്നതിന്റെ തലേദിവസം രാത്രി അദ്ദേഹത്തിനെതിരെ ഉണ്ടായ ആക്രമണവുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബവും ജെഎൻയു വിദ്യാർത്ഥി യൂണിയനും (ജെഎൻയു) ആരോപിക്കുന്നത്. ആക്രമണവും തിരോധാനവും തമ്മിലുള്ള ബന്ധം അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും അവർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

മകന്റെ തിരോധാനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് നജീബിന്റെ അമ്മ ഫാത്തിമ നഫീസ് 2016 നവംബർ 25- ന് ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. നജീബിന്റെ നിരോധാനത്തിനു പിന്നിൽ സംഘ പരിവാർ ശക്തികൾ ആണെന്ന വാദം നിലനിൽക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നജീബിന്റെ അമ്മ ഫാത്തിമ നഫീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകൽ, തെറ്റായ തടവ് എന്നിവയ്ക്ക് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി), ക്രൈംബ്രാഞ്ച്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങി രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസികൾക്കൊന്നും നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ അന്വേഷണ ഏജൻസികളെ എല്ലാം കേസിലെ അലംഭാവത്തിന് ഡൽഹി ഹൈക്കോടതി നിരവധി തവണ ശാസിച്ചിട്ടുണ്ട്.