പ്രധാനമന്ത്രിക്ക് കത്തയച്ചതിന് രാജ്യദ്രോഹക്കേസ്; നടപടി റദ്ദാക്കി ബിഹാര്‍ പൊലീസ് ഉത്തരവ്

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തതു റദ്ദാക്കി ബിഹാര്‍ പൊലീസ്. പരാതി വ്യാജമെന്നു തെളിഞ്ഞതായും കേസ് റദ്ദാക്കാന്‍ സദര്‍ പൊലീസ് സ്റ്റേഷനു നിര്‍ദേശം നല്‍കിയതായും മുസാഫര്‍പുര്‍ എസ്എസ്പി മനോജ് കുമാര്‍ സിന്‍ഹ പറഞ്ഞു. കേസെടുത്തതിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, മണിരത്‌നം, അപര്‍ണ സെന്‍, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെന്‍ ശര്‍മ, എഴുത്തുകാരന്‍ അമിത് ചൗധരി, ഡോ. ബിനായക് സെന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് മുസഫര്‍പുര്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു കേസ്.

സാംസ്‌കാരിക നായകന്മാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ താറടിച്ചു കാണിക്കാനും കത്തില്‍ ശ്രമിച്ചതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഓഗസ്റ്റ് 20-ലെ കോടതി വിധി അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. രാജ്യദ്രോഹത്തിനു പുറമേ സമാധാന ലംഘനത്തിന് ഇടയാക്കുന്ന തരത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റവും ചുമത്തിയിരുന്നു.