ബിഹാറിലെ മസ്തിഷ്‌ക ജ്വരം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി 24-ന് പരിഗണിക്കും

ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ അയക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഹര്‍ജി സുപ്രീം കോടതി ഈ മാസം 24-ന് പരിഗണിക്കും.

എത്രയും വേഗം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഐസിയുവില്‍ 500 കിടക്കകള്‍ അനുവദിക്കണമെന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് രോഗികള്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. രോഗം വ്യാപിക്കാതിരിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിംഗ് അജ്മാനി എന്നീ അഭിഭാഷകരുടെ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

ഇത്രയധികം കുട്ടികള്‍ മരിച്ചിട്ടും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വേണ്ട വിധത്തില്‍ ഇടപെടുന്നില്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ പടരാതിരിക്കാനോ ശ്രമം ഉണ്ടാകുന്നില്ല. അതുകൊണ്ട് രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കൂടാതെ നിരവധി ആരോപണങ്ങളും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശ്രീകൃഷ്ണ മെമ്മോറിയല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി.