ഇ.വി.എം തകരാറിലായതിന്​ പിന്നിൽ ബി.ജെ.പി സർക്കാർ, 55 ബൂത്തുകളിലെ പോളിംഗ്​ റദ്ദാക്കണമെന്ന് ​ആർ.ജെ.ഡി

ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിംഗ്​ റദ്ദാക്കണമെന്ന് ആവശ്യവുമായി ആർ.ജെ.ഡി സ്ഥാനാർത്ഥി. ജാമുയി നിയമസഭാ മണ്ഡലത്തിലെ ആർ.ജെ.ഡി സ്ഥാനാർത്ഥി വിജയ്​ പ്രകാശാണ്​ ആവശ്യവുമായി രംഗത്തെത്തിയത്​.

ജാമുയിയിലെ ഈ പോളിംഗ് ബൂത്തുകളിലെ ഇവിഎമ്മുകൾ മാറ്റി സ്ഥാപിച്ചിട്ടും പ്രവർത്തിക്കുന്നില്ലെന്ന് വിജയ് പ്രകാശ് പറഞ്ഞു. ഇവി‌എമ്മുകൾ‌ പ്രവർത്തിക്കാത്തതിന്‌ ആർ‌ജെ‌ഡി സ്ഥാനാർത്ഥി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി.

മുൻ ഷൂട്ടിംഗ്​ താരവും മുൻ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകളുമായ ബിജെപി സ്ഥാനാർത്ഥി ശ്രേയസി സിംഗിനെതിരെയാണ് ആർ‌ജെഡിയുടെ വിജയ് പ്രകാശ് മത്സരിക്കുന്നത്. ദളിത്​, മുസ്​ലം വിഭാഗങ്ങൾക്ക്​ നിർണായക സ്വാധീനമുള്ള സീറ്റിലെ സിറ്റിംഗ്​ എം.എൽ.എയാണ്​ വിജയ്​ പ്രകാശ്​.

കോവിഡ്​ പകർച്ചവ്യാധിയുടെ സമയത്ത്​ നടക്കുന്ന ആദ്യത്തെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പാണിത്​. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.