സാധനങ്ങള്‍ക്കൊപ്പം നല്‍കിയ തുണി സഞ്ചിക്ക് 18 രൂപ; ബിഗ് ബസാറിന് 11518 രൂപ പിഴ

സാധനങ്ങള്‍ക്കൊപ്പം നല്‍കിയ തുണി സഞ്ചിക്ക് 18 രൂപ ഈടാക്കിയ ബിഗ് ബസാറിന് 11518 രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്.

ഉപഭോക്തൃ നിയമ സഹായ അക്കൗണ്ടിലേക്ക് 10000രൂപയും ഉയര്‍ന്ന വില ഈടാക്കിയതിന് ഉപഭോക്താവിന് 1518 രൂപയും ഈടാക്കാനാണ് ഉത്തരവ്. ഛത്തീസ്ഗഡിലെ പഞ്ചകുലയിലാണ് സംഭവം.

2019 മാര്‍ച്ച് 20ന് ബിഗ് ബസാറില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ബാല്‍ദേവ് എന്ന ഉപഭോക്താവില്‍ നിന്നും സാധനങ്ങളിടാന്‍ നല്‍കിയ തുണി സഞ്ചിക്ക് ബിഗ്ബസാര്‍ 18രൂപ ഈടാക്കിയത്. തുടര്‍ന്ന് ബാല്‍ദേവ് ഇത് കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.

ക്യാരി ബാഗിന് പണം ഈടാക്കുമെന്ന് എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഇത് സേവനത്തില്‍ കാണിക്കുന്ന അപര്യാപ്തതയ്ക്ക്തുല്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബാല്‍ദേവ് പരാതി നല്‍കിയത്.