ഭീമാ കൊറേഗാവ് കേസ് പുനഃപരിശോധിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍; മുതിര്‍ന്ന പൊലീസ്  ഉദ്യോഗസ്ഥരുടെ യോഗം വിളിപ്പിച്ചു

2018- ലെ ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ദളിത് നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് പൂനെയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ മുംബൈയിലേക്ക് വിളിപ്പിച്ചു.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തങ്ങളുടെ  പ്രത്യയശാസ്ത്രത്തെ എതിര്‍ത്ത് ആക്ടിവിസ്റ്റുകളെ അര്‍ബന്‍ നക്‌സലുകളായി മുദ്രകുത്തിയെന്നുമുള്ള ആരോപണങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് നേരിടേണ്ടി
വന്നിരുന്നു.

തങ്ങളോട് വിയോജിപ്പുള്ളവരെയെല്ലാം നഗര നക്‌സലുകളെന്നാണ് മുന്‍ സര്‍ക്കാര്‍ മുദ്രകുത്തിയിട്ടുള്ളത്. എന്നാല്‍ നിലവിലെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് ഭരണകൂടം ആ വഴിക്ക് പോവില്ല. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ജനാധിപത്യത്തില്‍ അവകാശമുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് ദേശ്മുഖ് പറഞ്ഞു. മറാത്തി ദിനപത്രമായ “ലോക്സത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനെ കുറിച്ച് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ മുഖേന ഇക്കാര്യം അവലോകനം ചെയ്ത് തീരുമാനമെടുക്കുമെന്നും ദേശ്മുഖ് പറഞ്ഞു.

ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ദളിത് നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉദ്ധവ് താക്കറെ നേരത്തെ എന്‍സിപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. കഴിയുന്നതും എത്രയും വേഗത്തില്‍ കേസ് പിന്‍വലിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കിയതാണ്. തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ നടപടി.

Read more

2017 ഡിസംബര്‍ 31-നാണ് കേസിനാസ്പദമായ സംഭവം. ഏകദേശം നാല് ലക്ഷം പേര്‍ പങ്കെടുത്ത ഭീമാ കൊറേഗാവ് റാലിയിലേക്ക് കുറച്ചു പേര്‍ കാവി കൊടിയുമായി എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇത് ഉന്തിലും തള്ളിലും എത്തുകയും കലാപത്തില്‍ കലാശിക്കുകയുമായിരുന്നു. 187 സര്‍ക്കാര്‍ ബസുകളും നിരവധി വാഹനങ്ങളും 31 ജില്ലകളിലായി തകര്‍ക്കപ്പെട്ടു. 152 പേര്‍ക്കെതിരെ 58 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്