ബസവരാജ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും;

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേൽക്കും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്. കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ് ബസവരാജ്.  നിലവിൽ  ബി എസ് യെഡിയൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയാണ്.

ഇന്നലെ ബെം​ഗളൂരുവിൽ നടന്ന ബിജെപിഎംഎല്‍എമാരുടെ യോഗമാണ് ബൊമ്മെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് അംഗമാണ് ബൊമ്മെ. കഴിഞ്ഞ യെദ്യൂരപ്പ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി കൂടിയാണ് യെദ്യൂരപ്പയുടെ അടുത്ത അനുയായി കൂടിയായ ബസവരാജ ബൊമ്മെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിൻറെ പേര് യെഡിയൂരപ്പ തന്നെയാണ് നി‍ർദേശിച്ചത്. യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും ഈ പേര് അം​ഗീകരിക്കുകയായിരുന്നു. മുഴുവൻ എംഎൽഎമാരും തീരുമാനം അം​ഗീകരിച്ചതോടെ എതിർപ്പില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കാനായി.

2008ലാണ് ജനതാദളിൽ നിന്നും ബസവ ബിജെപിയിലെത്തിയത്. ഹൂബ്ബള്ളിയിൽ നിന്നുള്ള എംഎൽഎയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ യെഡിയൂരപ്പയുടെ വിശ്വസ്തനുമാണ്.