സ്വരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ കൈവശം വെയ്ക്കാൻ സ്ത്രീകൾക്ക് അനുമതി നൽകി ബാംഗ്ലൂർ മെട്രോ

കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ 26-കാരിയായ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ സ്ത്രീസുരക്ഷയെ സംബന്ധിച്ച് ദേശീയതലത്തിൽ വീണ്ടും ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്, അതിനിടെ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സ്വയം പ്രതിരോധത്തിനായി സ്ത്രീകൾക്ക് മെട്രോയിൽ കുരുമുളക് സ്‌പ്രേ കൈവശം വെയ്ക്കുവാനുള്ള അനുവാദം നൽകാൻ തീരുമാനിച്ചു.

കുരുമുളക് സ്‌പ്രേ ഉള്ള സ്ത്രീകളെ തിങ്കളാഴ്ച മുതൽ ട്രെയിനുകളിൽ കയറാൻ അനുവദിക്കണമെന്ന് മെട്രോ സ്റ്റേഷനുകളിലുടനീളമുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്ന് ബി എൽ യശ്വന്ത് ചവാൻ, ചീഫ് പ്രോ, ബി‌എം‌ആർ‌സി‌എൽ മാധ്യമങ്ങളോട് പറഞ്ഞു.

“കുരുമുളക് സ്‌പ്രേ കൈവശം വെച്ച ഒരു സ്ത്രീയെ ട്രെയിനിൽ കയറാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കാത്ത സംഭവം അടുത്തിടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഇക്കാരണത്താൽ, സ്ത്രീകൾക്ക് കുരുമുളക് സ്‌പ്രേ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ഞങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിജ്ഞാപനം നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

“നമ്മ മെട്രോ”യിൽ ഒരിക്കലും കുരുമുളക് സ്‌പ്രേ നിരോധിച്ചിട്ടില്ലെന്നും എന്നാൽ മിക്ക സ്റ്റേഷനുകളിലും എന്തിനാണ് ഇത് കൊണ്ടു പോകുന്നതെന്ന് യാത്രക്കാരോട് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാഗേജ് സ്കാനറുകൾ വഴി എയറോസോൾ സ്പ്രേകൾ കണ്ടെത്തുമ്പോഴെല്ലാം, എന്തിനാണ് അവ വഹിക്കുന്നതെന്ന് യാത്രക്കാരോട് വ്യക്തമാക്കാനും സുരക്ഷാ ആവശ്യങ്ങൾക്കായി ഇത് ശ്രദ്ധിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി- അദ്ദേഹം പറഞ്ഞു.