നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ വെബ് പരമ്പര വിലക്കി; 'നമോ ടിവി'യുടെ സംപ്രേഷണത്തില്‍ ഇളവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ വെബ് പരമ്പര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. “മോദി ജേര്‍ണി ഓഫ് എ കോമണ്‍മാന്‍” എന്ന പരമ്പരയാണ് വിലക്കിയിരിക്കുന്നത്. എന്നാല്‍, നമോ ടിവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവ് അനുവദിച്ചു. നിശ്ശബ്ദപ്രചാരണ സമയത്ത് പ്രധാനമന്ത്രിയുെട പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാം. പക്ഷെ, സ്ഥാനാര്‍ത്ഥികളെയോ മണ്ഡലങ്ങളെയോ പരാമര്‍ശിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

നമോ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന, റെക്കോഡു ചെയ്ത എല്ലാ പരിപാടികളും നേരത്തേ അംഗീകാരം നേടിയവയായിരിക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചതിനു പിന്നാലെ, അനുമതി ലഭിക്കാത്ത ഒന്നും സംപ്രേഷണം ചെയ്യരുതെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു.

അംഗീകാരം ലഭിച്ചിട്ടില്ലാത്ത രാഷ്ട്രീയ വിമര്‍ശനങ്ങളും വിലയിരുത്തലുകളും ഒഴിവാക്കിയെന്നു പാര്‍ട്ടി ഉറപ്പു വരുത്തണമെന്ന് സിഇഒ ആവശ്യപ്പെട്ടു. രണ്ടു ഉദ്യോഗസ്ഥരെ നമോ ടിവി കണ്ട് ഉള്ളടക്കം വിലയിരുത്താന്‍ നിയോഗിച്ചിട്ടുണ്ട്.