ഡൽഹിയിലെ ബാബർ റോഡിന്റെ സൈൻ ബോർഡ് കറുപ്പിച്ച് ഹിന്ദു സേന; പൊതുമുതൽ നശിപ്പിച്ചത് നഗരത്തിലെ ഉയർന്ന സുരക്ഷാ മേഖലയിൽ

സെൻട്രൽ ഡൽഹിയിലെ ഉയർന്ന സുരക്ഷാ മേഖലയിലെ പ്രശസ്തമായ ബാബർ റോഡിന്റെ സൈൻബോർഡിൽ കറുപ്പ് ചായം പൂശി ഹിന്ദു സേന പ്രവർത്തകർ. റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഘപരിവാർ സംഘടനായായ ഹിന്ദു സേന പൊതുമുതൽ നശിപ്പിച്ചത്.

കൊണാട്ട് പ്ലേസിനടുത്തായി ഡൽഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാബർ റോഡിന് ഇന്ത്യയിലെ മുഗൾ രാജവംശത്തിന്റെ ആദ്യത്തെ ചക്രവർത്തിയുടെ പേരാണ് നൽകിയിരിക്കുന്നത്.

റോഡിന് ഏതെങ്കിലും “മഹത്തായ ഇന്ത്യൻ വ്യക്തിത്വത്തിന്റെ” പേരിടണമെന്നാണ് ഹിന്ദു സേനയുടെ ആവശ്യം.

“അധിനിവേശം നടത്തിയ ഒരു വിദേശയുടെ പേരിലുള്ള റോഡിൻറെ പേര് പുനർനാമകരണം ചെയ്‌ത്‌ ഏതെങ്കിലും ഇന്ത്യൻ വ്യക്തിത്വത്തിന്റെ പേര് നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അതിനാൽ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സ്ഥാപിച്ച റോഡ് സൈൻ ഞങ്ങൾ കറുപ്പിച്ചു,” ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്തയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി‌.ടി‌.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം, തലസ്ഥാനത്തെ പ്രശസ്തമായ തെരുവുകളിലൊന്നായ അക്ബർ റോഡ് കുറച്ചു നേരത്തേക്ക് “മഹാറാണ പ്രതാപ് റോഡ്” എന്ന് സാമൂഹ്യവിരുദ്ധരാൾ “പുനർനാമകരണം” ചെയ്യപ്പെട്ടിരുന്നു. പിന്നീട് പൊലീസ് വന്ന് മഞ്ഞ, പിങ്ക് നിറത്തിലുള്ള പോസ്റ്റർ സൈൻബോർഡിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

2015 ൽ, അക്ബറിന്റെ ചെറുമകനായ ഔറംഗസേബിന്റെ പേരിലുള്ള മറ്റൊരു പ്രമുഖ റോഡ് മുൻ രാഷ്‌ട്രപതി ഡോ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലേക്ക് മാറ്റിയിരുന്നു. അതിന് അടുത്ത വർഷം “പ്രധാനമന്ത്രിയുടെ തെരുവ്” എന്നറിയപ്പെടുന്ന റേസ് കോഴ്‌സ് റോഡ് ലോക് കല്യാൺ മാർഗായി മാറ്റി.