'അയോധ്യയില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയാന്‍ സ്ഥലം തരാം, തീവ്രവാദിയായ ബാബര്‍ക്ക് വേണ്ടി തരില്ല'

അയോധ്യയില്‍ ഒരു പള്ളി നിര്‍മ്മിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്ന് അയോധ്യയിലെ സന്യാസി. എന്നാല്‍ അത് ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ മാത്രം ആയിരിക്കണമെന്നും സന്യാസി പറഞ്ഞു.

“കലാമിന്റെ പേരില്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാം മസ്ജിദ് എന്ന പേരില്‍ ഒരു പള്ളി വന്നാല്‍ അതിനെ സ്വാഗതം ചെയ്യും. അങ്ങിനെയാണെങ്കില്‍ അതിനായി സ്ഥലം നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ സ്വന്തം പേരിലായിരുന്നു പള്ളി നിര്‍മ്മിച്ചിരുന്നത്. തീവ്രവാദിയും അന്യദേശക്കാരനുമായ ബാബറിന്റെ പേരില്‍ പള്ളി പണിയാന്‍ സ്ഥലം വിട്ടു നല്‍കില്ല”- ഇന്ത്യാ ടുഡേയോട് സന്യാസി പറഞ്ഞു. അതേസമയം, അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്കു വിട്ട സുപ്രീം കോടതി തീരുമാനത്തേയും അദ്ദേഹം സ്വാഗതം ചെയ്തു.

Read more

അയോധ്യ ഭൂമി തര്‍ക്കത്തിന് ശാശ്വതമായ പരിഹാരം തേടിയാണ് സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ചതിനു ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്. ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.