ഓട്ടോ യാത്രയെക്കാള്‍ വിമാന യാത്ര ലാഭകരമാണെന്ന പരമാര്‍ശവുമായി വ്യോമയാന സഹമന്ത്രി

ഓട്ടോ യാത്രയെക്കാള്‍ വിമാന യാത്ര ലാഭകരമാണെന്ന പരമാര്‍ശവുമായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. എന്റെ പരമാര്‍ശം പലര്‍ക്കും ഭ്രാന്താണെന്ന് തോന്നാം. പക്ഷേ ഇതു കണക്കുകള്‍ പരിശോധിച്ചാല്‍ സത്യമാണെന്ന് മനസിലാക്കാം.

നിങ്ങള്‍ ഇന്‍ഡോര്‍ മുതല്‍ ഡല്‍ഹി വരെ യാത്ര ചെയ്യാന്‍ വിമാനത്തില്‍ കയറിയാല്‍ കിലോമീറ്ററിന് അഞ്ചു രൂപ മാത്രമാണ് ചെലവാക്കുന്നത്. പക്ഷേ അതേ സമയം ഓട്ടോയില്‍ യാത്ര ചെയ്താല്‍ കിലോമീറ്ററിന് മിനിമം ചാര്‍ജയായി എട്ടു മുതല്‍ പത്തു രൂപ വരെ നല്‍കേണ്ടി വരും-ജയന്ത് സിന്‍ഹ പറഞ്ഞു

വിമാനയാത്രയുടെ ചെലവ് കുറവായതു കൊണ്ടാണ് നിരവധി ആളുകള്‍ രാജ്യത്ത് വിമാനത്തില്‍ സഞ്ചരിക്കുന്നത്. സാധാരണ ചെരുപ്പിട്ട് സഞ്ചരിക്കുന്നവര്‍ പോലും യാത്ര നടത്തുന്നത് വിമാനത്തിലാണ്. 11 കോടി ജനങ്ങള്‍ മാത്രമാണ് നാലു വര്‍ഷം മുമ്പ് രാജ്യത്ത് വിമാനയാത്ര നടത്തിയിരുന്നത്. ഇന്ന് 20 കോടി ജനങ്ങളാണ് യാത്രയ്ക്ക് വേണ്ടി വിമാന സര്‍വീസിനെ ആശ്രിക്കുന്നത്. ഇത് ഇനിയും വര്‍ധിച്ച് 100 കോടിയിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.