ഓട്ടോ പാഞ്ഞെത്തിയത്പ്ലാറ്റ്‌ഫോമിലൂടെ; രക്ഷപ്പെട്ടത് രണ്ടു ജീവന്‍; അനുമോദനവും ശിക്ഷയും ഒരുമിച്ചു നല്‍കി റെയില്‍വേ പൊലീസ്

രണ്ടു ജീവന്‍ രക്ഷിക്കാന്‍ നിയമം മറന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. മുംബൈ വിരാര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

ട്രെയിനില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയെ സുരക്ഷിതയായി ആശുപത്രിയിലെത്തിക്കാനാണ് ഓട്ടോ ഡ്രൈവര്‍ സാഗര്‍ കമാല്‍ക്കാര്‍ ഗവാദ് പ്രതിസന്ധികള്‍ തരണം ചെയ്ത് പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ചത്.

ശക്തമായ മഴയില്‍ കുടുങ്ങി മുംബൈയിലെ വിരാര്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ട നേരത്തായിരുന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് സഹായം തേടി പലരെയും സമീപിച്ചു. അവസാനം റെയില്‍വേ സ്റ്റേഷന് പുറത്ത് എത്തി ഗവാദിനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സ്ത്രീ ബുദ്ധിമുട്ടുകയാണെന്ന് മനസ്സിലാക്കിയതോടെ ഗവാദ് തന്റെ ഓട്ടോ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു. കൃത്യ സമയത്തു തന്നെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതോടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

എന്നാല്‍ നിയമം ലംഘിച്ചതിന് ആര്‍.പി.എഫ് ഇയാളെ അറസ്റ്റ് ചെയ്തു. രണ്ടു ജീവിതം രക്ഷിക്കാനായിരുന്നു സാഹസികതയെന്ന് മനസ്സിലാക്കി പോലീസുകാരും അവിടെ എത്തിയവരും അനുമോദിച്ചെങ്കിലും നിയമം ലംഘിച്ചതിന് 154, 159 വകുപ്പുകളില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഗവാദിനെ മുന്നറിയിപ്പ് നല്‍കി മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിട്ടു.

പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ പോവുന്ന വീഡിയോ ഇതിനോടകം വൈറലായി. ഇതോടെ സാഗര്‍ കമാല്‍ക്കാര്‍ ഗവാദിന് അഭിനന്ദിച്ചും ആര്‍.പി.എഫ് നടപടിയെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി.