മദ്യലഹരി വ്യവസായിയെ കുഴപ്പത്തിലാക്കി; ‘ഔഡി കാറാണെന്ന് കരുതി ആംബുലന്‍സ് ഓടിച്ച് വീട്ടിലേക്ക് പോയി’

മദ്യലഹരിയില്‍ വ്യവസായി ഔഡി കാറാണെന്ന് കരുതി ആംബുലന്‍സ് ഓടിച്ച് വീട്ടിലേക്ക് പോയി. ഞായറാഴ്ച രാത്രി ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്‌സ് ഏരിയയിലെ ആശുപത്രിയില്‍ തന്റെ സുഹൃത്തിനെ കൊണ്ടു വന്നതായിരുന്നു സഥലത്തെ പ്രമുഖ വ്യവസായി. തന്റെ ഔഡി കാറിലായിരുന്നു ഇയാള്‍ നിസാര പരിക്കുകളുള്ള സുഹൃത്തിനു ചികിത്സ തേടി എത്തിയത്. സുഹൃത്തിനെ ആശുപത്രിയില്‍ ഇറക്കിയ ശേഷം ഇയാള്‍ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അബദ്ധം.

മദ്യലഹരിയില്‍ തന്റെ ഔഡി കാറിന് പകരം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓംനി ആംബുലന്‍സിലേക്കാണ് ഇയാള്‍ കയറിയത്. തുടര്‍ന്ന് ഇയാള്‍ ആംബുലന്‍സുമായി വീട്ടിലേക്ക് പോകുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ഓംനി ആംബുലന്‍സാണെന്നും തിരിച്ചറിഞ്ഞില്ലെന്നതാണ് രസകരം.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആംബുലന്‍സ് കാണാനില്ലെന്ന കാര്യം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ആംബുലന്‍സിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണാതായ ആംബുലസുമായി വ്യവസായിയുടെ ജീവനക്കാരന്‍ ആശുപത്രിയിലെത്തി. പറ്റിയ അബദ്ധം ആശുപത്രി അധികൃതരെ അറിയിക്കുകയുമായിരുന്നു.