കുരങ്ങന്മാരുടെ ആക്രമണത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണമായ അന്ത്യം; പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

കുരങ്ങന്മാരുടെ ഭീഷണിയിലാണ് ഉത്തര്‍പ്രദേശിലെ ബറേലി നഗരം. ബറേലിയിലെ സമ്പാല്‍ ജില്ലയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് പേരെയാണ് കുരങ്ങന്‍മാര്‍ ആക്രമിച്ചത്. ഇതില്‍ 60 വയസുകാരി മരിക്കുകയും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് മധ്യവസ്‌കയായ ലുംശ്രീയെ കുരങ്ങന്‍മാര്‍ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലുംശ്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ അവര്‍ മരിച്ചതായി ഡോക്ടര്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കുരങ്ങന്മാരുടെ ആക്രമണം ഉണ്ടായത്. ടെറസിന്റെ ഒരു ഭാഗത്ത് വെച്ച് പാചകം ചെയ്യുകയായിരുന്നു ലുംശ്രീ. കുരങ്ങന്‍മാര്‍ കൂട്ടത്തോടെ വന്ന് ചപ്പാത്തി തിന്നാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കുരങ്ങന്മാരെ ഓടിക്കാന്‍ ശ്രമിക്കുകയും അവ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ലുംശ്രീ രക്ഷപ്പെടാന്‍ ശ്രിച്ചപ്പോള്‍ കാല്‍ തെന്നി താഴേ വീഴുകയായിരുന്നുവെന്നും ലുംശ്രീയുടെ ഭര്‍ത്താവ് അഷര്‍ഫിലാല്‍ പറഞ്ഞു.

വെള്ളിയാഴ്ചയും സമാനസംഭവം ഉണ്ടായിരുന്നു. ടെറസില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ കുരങ്ങന്മാര്‍ ആക്രമിച്ചിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം ടെറസില്‍ നിന്ന് താഴേ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.