'അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ല'; മറ്റൊരു നിര്‍മ്മാണവും പാടില്ലെന്ന് മോഹന്‍ ഭഗവത്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കുകയുള്ളുവെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. അയോധ്യയിലെ തര്‍ക്കഭൂമിയിലെ കല്ലുകള്‍ക്കൊണ്ട് തന്നെ ക്ഷേത്രം പണിയണമെന്നും മറ്റൊരു കെട്ടിടവും അവിടെ നിര്‍മ്മിക്കരുതെന്നും ഭഗവത് പറഞ്ഞു. കര്‍ണാടകയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഭഗവതിന്റെ പ്രസ്താവന.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ല. പശുക്കളെ സംരക്ഷിക്കണം. ഗോവധം നിരോധിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ സാമാധാനാമായി ജീവിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഭഗവത് പറഞ്ഞു. അയോധ്യ തര്‍ക്കത്തില്‍ കോടതിയ്ക്ക് പുറത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഭഗവതിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്നോവില്‍ മുസ്ലീം പള്ളിയും നിര്‍മിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.