അസം ഖാനെതിരായ നടപടി കക്ഷി നേതാക്കളുമായി ചർച്ച ചെയ്ത ശേഷമെന്ന് സ്പീക്കർ

വനിതാ എം. പിക്ക് നേരെ മോശം പരാമര്‍ശം നടത്തിയ അസം ഖാനെതിരെ നടപടി ഉണ്ടാകുമെന്ന് ലോക്സഭാ സ്‍പീക്കര്‍ ഓം ബിർള. ലോക്സഭയില്‍ മോശം പരാമര്‍ശം നടത്തിയ  അസം ഖാനെതിരെ ബി.ജെ.പി, എം.പി രമാ ദേവി നടപടി ആവശ്യപ്പെട്ടിരുന്നു . നിരവധി വനിതാ എം.പിമാരും ഖാനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. അസം ഖാനെതിരെ നടപടിയുണ്ടാകുമെന്നും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം തീരുമാനം എടുക്കുമെന്നും സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

അസം ഖാനെ പുറത്താക്കാൻ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് രമാ ദേവി പറഞ്ഞിരുന്നു. അസം ഖാന്‍ മാപ്പു പറയണം. ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കുന്നയാളല്ല അസം ഖാനെന്നും രമാ ദേവി പറഞ്ഞു. അസം ഖാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ സസ്പെന്‍ഡ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദും ലോക്സഭയില്‍ ആവശ്യപ്പെട്ടു.

ഇന്നലെ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് സമാജ്‌വാദി പാർട്ടി എം.പി അസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് “എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു”വെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ . ഇതിന് പിന്നാലെ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അസം ഖാന്‍റെ പരാമര്‍ശം രേഖകളിൽ നിന്ന് നീക്കണമെന്നും രമാ ദേവി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ അസംഖാനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സംഘമിത്ര മൗര്യ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി.ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ മോദി സര്‍ക്കാറില്‍ നിന്നും രാജി വെയ്ക്കേണ്ടി വന്ന എം.ജെ അക്ബറിന്റെ കാര്യം ഉയര്‍ത്തി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി സര്‍ക്കാറിനെ വിമര്‍ശിച്ചു. അക്ബറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനായി രൂപീകരിച്ച കമ്മിറ്റിക്ക് എന്തു സംഭവിച്ചുവെന്ന് ഉവൈസി ചോദിച്ചു.

സഭയ്ക്ക് അകത്തും പുറത്തും സ്ത്രീകളോട് അനാദരവ് കാണിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. മുമ്പ് ലോക്‌സഭയില്‍ സോണിയാ ഗാന്ധിവരെ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറ്റം ചെയ്തയാളുടെ പാര്‍ട്ടി നോക്കാതെ ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, അസം ഖാനെ പ്രതിരോധിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തു വന്നിരുന്നു. ‘ സ്പീക്കറോട് അസം ഖാന്‍ എന്തെങ്കിലും തരത്തിലുളള അനാദരവ് കാട്ടിയെന്ന് ഞാന്‍ കരുതുന്നില്ല. ഈ ആളുകള്‍ (ബി.ജെ.പി, എം.പിമാര്‍) വളരെ മോശമായാണ് സംസാരിക്കുന്നത് വിരല്‍ ചൂണ്ടാന്‍ അവരാരാണ്? –  അദ്ദേഹം ചോദിച്ചു.