ബാലാകോട്ട് ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ, ചോദ്യത്തിന് മോദി മറുപടി പറയണം; അന്താരാഷ്ട്ര മാധ്യമങ്ങളെ പിന്തുണച്ച് കപില്‍ സിബില്‍

ബാലാകോട്ട് ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബില്‍ രംഗത്ത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ബാലാകോട്ടിലെ വ്യോമസേന ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന ചോദ്യവുമായി രംഗത്ത് വന്നത്. ഇതിന് മോദി മറുപടി പറയുന്നതിന് ബാധ്യസ്ഥനാണ്.

പാകിസ്ഥനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംസാരിക്കുന്ന വേളയില്‍ മോദി ആവേശഭരിതനാണ്. പക്ഷേ ഇന്ത്യയ്ക്കെതിരെ അവര്‍ ചോദ്യം ചോദിക്കുമ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരായി മാറുന്നതായി മോദി കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി പുറത്തു വിടണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 300 പേര്‍ കൊല്ലപ്പെട്ടു. പക്ഷേ ഇങ്ങിനെ സംഭവിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. അതു കൊണ്ട് ശരിയായ കണക്ക് കേന്ദ്രം പുറത്തു വിടണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

വ്യോമസേന ഇതു വരെ ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിക്കുന്നതിന് തയ്യാറായിട്ടില്ല. അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബാലാകോട്ട് 250 പേര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് രംഗത്തു വന്നിരുന്നു.