അസമില്‍ നാളെ ബന്ദ്; പത്ത് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിർത്തലാക്കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ നാളെ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. അതേ സമയം, അസമിലെ 10 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിർത്തലാക്കി.  വ്യാപക പ്രതിഷേധം നടക്കുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കരസേനയെ വിന്യസിച്ചു. പ്രതിഷേധം നേരിടാനാണ് സൈനിക വിന്യാസം. വലിയതോതില്‍ പ്രതിഷേധം നടക്കുന്ന ത്രിപുരയിലും അസമിലുമാണ് കൂടുതല്‍ സൈനികരെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിന്യസിച്ചിരിക്കുന്നത്.

മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. “”മണിപ്പുര്‍ പീപ്പിള്‍ എഗനിസ്റ്റ് സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്റ് ബില്‍”” എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം. തലസ്ഥാനമായ ഇംഫാലിലടക്കം പ്രധാന വിപണികളെല്ലാം അടഞ്ഞു കിടന്നു. മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കരുതെന്ന് സമരരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു.

തദ്ദേശീയ രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ തുടര്‍ന്ന് ത്രിപുരയിലും ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തു ഭരണത്തിലുള്ള ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) ഗോത്രവര്‍ഗ സ്വയംഭരണ മേഖലകളില്‍ പണിമുടക്ക് നടത്തി. മറ്റു ചില സംഘടനകളും ബില്ലിനെതിരെ സംയുക്ത സമരസമിതി രൂപീകരിച്ചിട്ടുണ്ട്.