‘പാണ്ഡവരും കൗരവരും ആരൊക്കെയാണ് ?, രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യം”; രജനികാന്തിനെതിരെ ഒവൈസി

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനും അര്‍ജുനനുമായി ഉപമിച്ച രജനികാന്തിനെതിരെ ഹൈദരബാദ് എം.പി അസദുദ്ദീന്‍ ഒവൈസി.

അനുച്ഛേദം 370 ലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്നാട്ടിലെ ഒരു സിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണ് ? ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യം- ഒവൈസി ചോദിച്ചു. ഈദ് ആഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ഒവൈസി രജനിയെ വിമര്‍ശിച്ചത്.

‘ഈ സര്‍ക്കാരിന് കശ്മീരികളോട് സ്നേഹമില്ലെന്ന് അറിയുക, അവര്‍ കശ്മീരിലെ മണ്ണിനെയാണ് സ്‌നേഹിക്കുന്നത്. അവിടത്തെ ജനങ്ങളെയല്ല, അവര്‍ അധികാരത്തെ സ്‌നേഹിക്കുന്നു, പക്ഷേ നീതിയെ സ്‌നേഹിക്കുന്നില്ല. അധികാരം നിലനിര്‍ത്താന്‍ മാത്രം ആഗ്രഹിക്കുന്നു. എന്നാല്‍ ആരും എക്കാലത്തും ജീവിക്കുകയോ ഭരിക്കുകയോ ചെയ്യില്ലെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നു- ഒവൈസി പറഞ്ഞു.