സി.എ.എക്കെതിരെ ബി.ജെ.പി പാളയത്തിലും പ്രതിഷേധം; 80 ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ രാജിവെച്ചു

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ ബി.ജെ.പി പാളയത്തിലും വ്യാപക പ്രതിഷേധം. മധ്യപ്രദേശിലെ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് 80 മുസ്ലിം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്‍ഡോര്‍, ഘാര്‍ഗോണ്‍, ദേവാസ് എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കളാണ് രാജിവെച്ചത്.

മുത്തലാഖ്, ബാബറി മസ്ജിദ്, 370-ാം അനുച്ഛേദം റദ്ദാക്കല്‍ തുടങ്ങി മുസ്ലിം വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങള്‍ നിരന്തരം ഉയര്‍ന്നുവരുമ്പോള്‍ സ്വന്തം സമുദായത്തെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. ഏകീകൃത സിവില്‍ കോഡ്, ജനസംഖ്യാനിയന്ത്രണം തുടങ്ങിയ വിഷങ്ങളിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ന്യൂനപക്ഷ മോര്‍ച്ചയില്‍നിന്നുള്ള നേതാക്കള്‍ രാജിവെച്ചതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയില്ലെന്ന് മധ്യപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.